ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃശ്ശൂരിൽ ഇന്ന് പുലിക്കളി

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് തൃശ്ശൂരിൽ ഇന്ന് പുലിക്കളി. വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഒൻപത് സംഘങ്ങളാണ് അരങ്ങേറുന്നത്. വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽ ദേശം എന്നീ ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം ഏഴ് സംഘങ്ങളാണ് പങ്കെടുത്തത്.
പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കിയിട്ടുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പുലിവരയ്ക്കും ചമയ പ്രദർശനത്തിനും പ്രത്യേക സമ്മാനങ്ങൾ നൽകും. ഓരോ സംഘത്തിനും 3,12,500 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതിൽ 1,56,000 രൂപ മുൻകൂറായി ടീമുകൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ, കേന്ദ്രസഹായമായി മൂന്ന് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
വൈകിട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെ ഗോപുരനടയിൽ വെളിയന്നൂർ ദേശം സംഘത്തിന് മേയർ എം.കെ. വർഗീസ് അധ്യക്ഷനായുള്ള ചടങ്ങിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത് പുലിക്കളിക്ക് തുടക്കമാകും.
പുലിക്കളിയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾക്കും ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
Tag: Pulikalli marks the end of Onam celebrations in Thrissur today