ഐപിഎല്ലില്‍ ഇന്ന് പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍
ദുബായ്: ഐപിഎല്‍ 2021 രണ്ടാം ഘട്ടത്തിലെ തങ്ങളുടെ ആദ്യമത്സരത്തിനിറങ്ങുകയാണ് പഞ്ചാബ് കിംഗ്സും രാജസ്ഥാന് റോയല്‍സും. യതാക്രമം ലോകേഷും രാഹുലും സഞ്ജു സാംസണുമാണ് നായകന്മാര്. പോയിന്റ് പട്ടികയില്‍ രാജസ്ഥാന് ആറാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന് നോക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ആദ്യത്തെ 6 പേരില്‍ സ്ഥാനം പിടിച്ചവരാണ് ഇരുവരും. 331 റണ്‍സോടെ രാഹുല്‍ രണ്ടാം സ്ഥാനത്തും 277 റണ്‍സോടെ സഞ്ജു ആറാം സ്ഥാനത്തുമാണ്. വിദേശതാരങ്ങള്‍ ഇടയ്ക്കുവച്ചു പിന്മാറിയതോടെ രണ്ടു ടീമും വിഷമത്തിലായി. ആന്‍ഡ്രൂ ടൈ, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നീ മികച്ചകളിക്കാരാണ് രാജസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയത്. പിന്വാങ്ങിയവര്ക്കു പകരമായി ഷംസി, ഗ്ലെന്‍ ഫിലിപ്സ്, ഓഷാനെ തോമസ്, എവിന്‍ ലൂയിസ് എന്നിവരെ രാജസ്ഥാന് ടീമിലെത്തിച്ചിട്ടുണ്ട്.
ഡേവിഡ് മലാന്, ജേ റിച്ചാര്ഡ്സണ്, മെറിഡിത്ത് എന്നിവരാണ് പഞ്ചാബില്‍ നിന്നും ഇടയ്ക്കുവച്ച് പിന്‍വാങ്ങിയിരിക്കുന്നത്. നാഥന് എല്ലിസ്, ആദില്‍ റഷീദ്, എയ്ഡന്‍ മര്‍ക്രാം എന്നിവരാണ് പഞ്ചാബിന് പകരക്കാരായി എത്തിയവര്‍. പോയവരേക്കാള്‍ ഒട്ടും മോശമല്ല പകരമെത്തിയവര്‍ എന്നതിനാല്‍ ടീമുകളുടെ സന്തുലിതാവസ്ഥ നഷ്ടമായിട്ടില്ല. സഞ്ജുവിന്റെ നായകമികവും പോരാട്ടവീര്യവും കാണാന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്.
ഐപിഎല്ലിനു ശേഷം വരുന്ന ട്വന്റി 20 ലോകകപ്പില്‍ സഞ്ജുവിന് സ്ഥാനമില്ല. ഇത് തെറ്റായ തീരുമാനമാണെന്ന് സെലക്ടര്‍മാര്‍ക്ക് ബോധ്യമാവുന്ന തരത്തില്‍ തന്റെ കഴിവിനെ പരമാവധി പുറത്തെടുക്കും സഞ്ജു എന്നാണ് ആരാധകര്‍ ഉറപ്പിച്ചിരിക്കുന്നത്. ലിയാം ലിവിങ്സ്റ്റണ്, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ് തുടങ്ങിയ കളിക്കാര്‍ മികവ് പുറത്തെടുത്താല്‍ രാജസ്ഥാന് വിജയം അപ്രാപ്യമാവില്ല. ലോകേഷ് രാഹുലിനൊപ്പം മായങ്ക് അഗര്‍വാളും ഹെന്റിക്വസും നിക്കോളാസ് പൂരനും തിളങ്ങിയാല്‍ പഞ്ചാബിനെ പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടാണ്.