ബാംഗ്ലൂരിന് നാണംകെട്ട തോൽവി പഞ്ചാബിൻ്റെ വിജയം 97 റൺസിന്

ഐ.പി.എല്ലിൽ പതിമൂന്നാം പതിപ്പിലെ ആദ്യ സെഞ്ചുറി പിറന്ന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് 97 റൺസിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസിന് ഓൾഔട്ടായി.നാലു റൺസിനിടെ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായ ബാംഗ്ലൂരിന്റെ തുടക്കം തകർച്ചയോടെ
യായിരുന്നു. ദേവദത്ത് പടിക്കൽ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റൻ വിരാട് കോലി (1) എന്നിവർ വന്നപാടെ മടങ്ങിയപ്പോൾ 2.4 ഓവറിൽ നാല് റൺസിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ അവസ്ഥയിലേക്ക് ബാംഗ്ലൂർ വീണു. കോലിയെയും ‘ദേവദത്തിനെയും പുറത്താക്കി കോർട്ടലാണ് ബാംഗ്ളൂരുവിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ജോഷ് ഫിലിപ്പിനെ മുഹമ്മദ് ഷമ്മി വിക്കറ്റിന് മുന്നിൽ കുടുക്കി.
പിന്നീട് ആരോൺ ഫിഞ്ചും എ ബി ഡിവില്ലിയേഴ്സും പ്രതീക്ഷ നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. സ്കോർ 53ൽ നിൽക്കെ 20 റൺസെടുത്ത ഫിഞ്ചിനെ രവി ബിഷ്ണോയ് മടക്കി. തൊട്ടടുത്ത ഓവറിൽ 28 റൺസെടുത്ത ഡിവില്ലിയേഴ്സിനെ മുരുകൻ അശ്വിനും പുറത്താക്കി. പിന്നീടെല്ലാം ചടങ്ങുകൾ മാത്രം.
27 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 30 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്നി (6), ചാഹൽ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. പഞ്ചാബിനായി രവി ബിഷ്ണോയ്, മുരുകൻ അശ്വിൻ എന്നിവർ മൂന്നു വിക്കറ്റ് വീഴ്ത്തി.നിരുത്തരവാദപരമായ ബാറ്റിങ്ങ് തന്നെയാണ് ബാംഗ്ലൂരിൻ്റെ കനത്ത തോൽവിക്ക് കാരണം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്.ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ സെഞ്ചുറി പ്രകടനവും മികച്ച കൂട്ടുകെട്ടുകളുമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. 62 പന്തിൽ നിന്ന് സെഞ്ചുറി തികച്ച രാഹുൽ 69 പന്തുകൾ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റൺസോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലിൽ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.
ഐ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. മത്സരത്തിനിടെ രണ്ടു തവണ ബാംഗ്ലൂർ ക്യാപ്റ്റൻ കോലി, രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. 83-ലും 89-ലും നിൽക്കെയാണ് രാഹുലിന്റെ ക്യാച്ചുകൾ കോലി നിലത്തിട്ടത്. അവസാനം നേരിട്ട ഏഴു പന്തിൽ നിന്ന് 32 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്.ഇതിനിടെ കെ.എൽ രാഹുൽ ഐ.പി.എല്ലിൽ 2000 റൺസ് തികയ്ക്കുകയും ചെയ്തു. ഐ.പി.എല്ലിൽ വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരനെന്ന നേട്ടവും രാഹുൽ സ്വന്തമാക്കി. 60 ഇന്നിങ്സുകളിൽ നിന്നാണ് രാഹുലിന്റെ നേട്ടം. 63 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിൻ തെണ്ടുൽക്ക
റെയാണ് രാഹുൽ മറികടന്നത്.
ഓപ്പണിങ് വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം 57 റൺസ് ചേർത്ത രാഹുൽ രണ്ടാം വിക്കറ്റിൽ നിക്കോളാസ് പുരനൊപ്പവും 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
20 പന്തിൽ നിന്ന് 26 റൺസെടുത്ത മായങ്കിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. നിക്കോളാസ് പുരൻ 17 റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്വെല്ലും (5) കാര്യമായ സംഭാവനയില്ലാതെ മടങ്ങി.ബാംഗ്ലൂർ നിരയിൽ യൂസ്വേന്ദ്ര ചാഹലാണ് ബൗളിങ്ങിൽ മികച്ചുനിന്നത്.
വെള്ളിയാഴ്ച്ച ചെന്നൈ സൂപ്പർ കിങ്ങ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.2 മത്സരത്തിൽ ഒരു ജയവും ഒരു തോൽവിയുമാണ് ചെന്നൈക്ക്. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിക്കാനായ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇറങ്ങുവ.