“എന്നെ ചതിച്ചുവെന്നത് വ്യക്തമാണ്, ഈ വിവരം മനസ്സിലാക്കിയതോടെ, ഇനി നീതി ലഭിക്കില്ലെന്ന് ഉറപ്പായി,”- പിവി അൻവർ
മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിന് ഏകദേശം രണ്ട് മാസം മുമ്പാണ് അജിത് കുമാറിനെ നേരിൽ കണ്ടതെന്ന് പിവി അൻവർ. അജിത് കുമാർ തന്നെ ചതിച്ചു. ഇതു മനസിലാക്കി, അദ്ദേഹത്തിൽ നിന്ന് നീതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതാണ് തുടർന്ന് നടന്ന സംഭവങ്ങൾക്ക് കാരണമായത്.
“എന്നെ ചതിച്ചുവെന്നത് വ്യക്തമാണ്. ഈ വിവരം മനസ്സിലാക്കിയതോടെ, ഇനി നീതി ലഭിക്കില്ലെന്ന് ഉറപ്പായി,” എന്നാണ് അൻവർ പറഞ്ഞത്. റിദാൻ ബാസിൽ കേസ്, മാമി കേസ്, വിമാനത്താവള സ്വർണക്കള്ളക്കടത്ത് കേസ് എന്നിവ വ്യക്തിപരമായി അന്വേഷിച്ചത് ഇതിന് പിന്നാലെയായിരുന്നു. തുടർന്ന് മലപ്പുറം മരംമുറി വിഷയം ഉയർന്നു. അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയ രണ്ടു മാസം കഴിഞ്ഞാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അജിത് കുമാർ തന്റെ നേരെ ഗൂഢാലോചന നടത്തി. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അൻവർ പറഞ്ഞു: “ഞാൻ എന്ത് ഗൂഢാലോചനയാണ് നടത്തേണ്ടത്? എനിക്ക് അദ്ദേഹത്തോട് എന്ത് വിരോധമുണ്ട്? അദ്ദേഹം കേരളത്തിലെ ആർഎസ്എസിനുവേണ്ടി പ്രവർത്തിക്കുന്നു, ബന്ധങ്ങൾ മുഴുവൻ കേന്ദ്ര സർക്കാരുമായാണ്. അജിത് കുമാറിന്റെ അടുത്ത അനുയായി സുജിത് ദാസ് സ്വർണക്കള്ളക്കടത്തിൽ പങ്കാളിയായിരുന്നു. പണം പോരാഞ്ഞതിനാൽ മരം മുറിച്ചു കൊണ്ടുപോയി. ഞാൻ വസ്തുതാപരമായ കാര്യങ്ങളാണ് പറഞ്ഞത് — കവടിയാറിലെ വീട്, ഫ്ലാറ്റ് വാങ്ങിയത് എന്നിവ. ആ രേഖകൾ കോടതിയും ഏറ്റെടുത്തു.” അൻവർ പറഞ്ഞു.
അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണ സംഘത്തിന് എം.ആർ. അജിത് കുമാർ നൽകിയ മൊഴി മുൻപ് പുറത്തുവന്നിരുന്നു. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചനയാണെന്ന് മൊഴിയിൽ അജിത് കുമാർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശപ്രകാരം നേരിട്ട് അൻവറെ കണ്ടതായി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അൻവർ മാധ്യമങ്ങളിൽ പ്രതികരിച്ചത്.
Tag: PV Anwar aganist ADGP MR Ajithkumar