മന്ത്രി എം .വി ഗോവിന്ദന്റെ ഭാര്യയ്ക്ക് നേരെ വിവാദ പരാമര്‍ശം; അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി
തളിപ്പറമ്പ്: മന്ത്രി എം .വി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണുമായ പി .കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 17 സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
രണ്ട് ഏരിയാ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരില്‍ രണ്ട് പേര്‍ക്ക് സസ്പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ബക്കളത്തെ പാര്‍ത്ഥാ കണ്വെന്ഷന് സെന്റര്‍ ഉടമ സാജന് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് പി. കെ ശ്യാമളയ്ക്ക് നേരെ നിരവധി വിവാദ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അപകീര്‍ത്തീകരമായി പ്രതികരിച്ചത്. തന്നെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു എന്ന് കാണിച്ച് ശ്യാമള ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. എ. എന്‍. ഷംസീര്‍ എം. എല്‍. എ ചെയര്‍മാനായ മൂന്നംഗകമ്മിറ്റി പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്.
അതേസമയം ആത്മഹത്യയില്‍ ആര്‍ക്കും പങ്കില്ലെന്നും മാനസിക പ്രയാസവും സാമ്പത്തിക പരാധീനതയുമാണ് സാജന് ജീവനൊടുക്കിയതെന്നും ആര്.ഡി. ഒയുടെ റിപ്പോര്‍ട്ട് വന്നതോടെയാണ് ആന്തൂര്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണുമായ പി .കെ ശ്യാമളയ്ക്കെതിരയുള്ള വിമര്‍ശനങ്ങള്‍ അവസാനിച്ചത്.