ഇന്ത്യൻ ആപ്പായ ‘ജോഷി’ൽ ഡോളർ നിക്ഷേപം നടത്തി ഖത്തർ

ദോഹ: ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കിന് പകരമായി എത്തിയ ഇന്ത്യൻ നിർമ്മിത ആപ്ലിക്കേഷനായ ‘ജോഷി’ൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപം നടത്തി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. വാർത്താ ആപ്ലിക്കേഷനായ ഡെയ്‌ലിഹണ്ടിന്റെ മാതൃകമ്പനി കൂടിയായ പ്രാദേശിക ഭാഷാ ടെക് പ്ലാറ്റ്‌ഫോം വെർസെ ഇന്നോവേഷന്റെതാണ് ജോഷ്. ഖത്തർ ഇൻവെസ്റ്റ് കമ്പനിക്കൊപ്പം വേറേയും നിരവധി പേർ ജോഷിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
വെർസെ ഇന്നോവേഷൻ ആകെ 10 കോടി ഡോളറാണ് പുതിയ നിക്ഷേപങ്ങളിലൂടെ സമാഹരിച്ചത്. ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റൽ പാർട്ട്‌നേഴ്‌സ് ഉൾപ്പെടെയുള്ള കമ്പനികൾ സോഷ്യൽ മീഡിയ വീഡിയോ ആപ്പായ ജോഷിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ടിക്‌ടോക്കിന് പകരമായി എത്തിയ ഇന്ത്യയുടെ ബദൽ എന്നാണ് ജോഷ് ആപ്പിനെ പലരും വിശേഷിപ്പിക്കുന്നത്.
2020 ഡിസംബറിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആൽഫവേവ് എന്നീ കമ്പനികളിൽ നിന്ന് 10 കോടി ഡോളർ നിക്ഷേപം സമാഹരിച്ചതിന് പിന്നാലെയാണ് പുതിയ നിക്ഷേപവും. ഇന്ത്യയിൽ ടിക്‌ടോക്ക് നിരോധിക്കപ്പെട്ടതോടെയാണ് അതേ മാതൃകയിലുള്ള ഷോർട്ട് വീഡിയോ ആപ്പായ ജോഷ് ഉയർന്നു വന്നത്.
സ്റ്റാർട്ട് അപ്പ് എന്ന നിലയിൽ പെട്ടെന്നാണ് ജോഷ് ആപ്പ്
വളർന്നത്. പ്രാദേശികഭാഷകളിൽ ആപ്പിന് ലഭിച്ച സ്വീകാര്യത ഈ വളർച്ചയുടെ പ്രതിഫലനമാണ്. 100 കോടി ഡോളറാണ് ജോഷിന്റെ മൂല്യം.
നിലവിൽ എട്ടര കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് പ്രതിമാസം ജോഷിൽ ഉള്ളത്. കൂടാതെ പ്രതിദിനം 150 കോടി വീഡിയോകളാണ് ഇന്ത്യയിലെ അതിവേഗം വളരുന്ന ഹ്രസ്വ വീഡിയോ ആപ്പായ ജോഷിൽ പ്ലേ ചെയ്യപ്പെടുന്നതെന്നും വെർസെ ഇന്നോവേഷൻ പറയുന്നു.