ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയെന്ന് ഖത്തർ അമീർ
ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി വ്യക്തമാക്കി. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അമീറിന്റെ പ്രതികരണം പുറത്തുവന്നത്. ഇത്തരമൊരു നടപടിയിൽ തങ്ങൾ അനുഭവിക്കുന്ന രോഷം വാക്കുകളിൽ പറയാനാവില്ലെന്നും, തങ്ങളെ വഞ്ചിച്ച പ്രവൃത്തിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
“ഗാസയിൽ തടവുകാരെ മോചിപ്പിക്കാനുള്ള ഏതെങ്കിലും പ്രതീക്ഷകളെ ഇസ്രയേലിന്റെ ആക്രമണം തകർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രാജ്യാന്തര നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷിക്കുന്ന ഒരാളാണ് അദ്ദേഹം. നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്ന നെതന്യാഹു, എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചവനാണ്,” – ഷെയ്ഖ് തമീം വ്യക്തമാക്കി.
ഖത്തറിനെതിരെ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അമീറിന്റെ പ്രതികരണം. ഹമാസ് നേതാക്കളെ പുറത്താക്കാത്ത പക്ഷം ഖത്തറിൽ വീണ്ടും ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി. ഈ പ്രസ്താവനയെ ഖത്തർ നേരത്തേ തന്നെ അപലപിച്ചിരുന്നു. ഖത്തറിന്റെ പരമാധികാരം വെല്ലുവിളിക്കുന്ന ഇത്തരം ഭീഷണികൾ ന്യായീകരിക്കാനുള്ള ശ്രമം ലജ്ജാകരമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയിരുന്നു.
Tag: Qatari Emir calls Israeli attack state terrorism