CrimeKerala NewsLatest NewsLaw,

കൊച്ചിയിലെ സ്ത്രീധന പീഡനം:ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു

കൊച്ചി. സ്ത്രീധനത്തിന്റെ പേരില്‍ ചക്കരപറമ്പില്‍ യുവതിക്കും പിതാവിനും നേരെ ക്രൂര പീഡനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്സന് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ പിതാവിന്റെ കാലും തല്ലിയൊടിച്ചിരുന്നു.

ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതി ആദ്യം നല്‍കിയ പരാതിയില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാല്‍ കമ്മീഷണര്‍ ഓഫീസില്‍ പെണ്‍കുട്ടി നേരിട്ട് ചെന്ന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്. തുടര്‍ന്ന് കര്‍ശന നടപടിക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

യുവതിക്കും യുവതിയുടെ പിതാവിനും എതിരെ നടത്തിയ ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ മാധ്യമ ശ്രദ്ധ നേടിയതോടെയാണ് വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായത്. അതേസമയം വിഷയത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് പച്ചാളം സ്വദേശി ജിപ്‌സണുമായുള്ള ഇവരുടെ വിവാഹം നടക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. തന്റെ സ്വര്‍ണാഭരണങ്ങളും വീട്ടില്‍നിന്ന് കൂടുതല്‍ പണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദ്ദനത്തിന്റെ തുടക്കം.

ഭര്‍ത്താവിനൊപ്പം മാതാപിതാക്കളും ഉപദ്രവിക്കാന്‍ തുടങ്ങി. രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. രാത്രി ഉപദ്രവിക്കും. വായ് പൊത്തിപ്പിടിച്ച് നടുവിന് ഇടിക്കും. വേദനിച്ച് കരയാന്‍ പോലും കഴിയില്ല. ഭര്‍ത്തൃമാതാവിനോട് പറഞ്ഞപ്പോള്‍ സ്വര്‍ണവും പണവും കൊണ്ടുവില്ലല്ലോ സഹിച്ചോ എന്നായിരുന്നു മറുപടി. ഭക്ഷണം തരില്ലായിരുന്നു. ഭര്‍ത്താവ് വധ ഭീഷണി നടത്തിയെും പെണ്‍കുട്ടി പറഞ്ഞിരുന്നു

. ആദ്യ പരാതി കാര്യമാക്കാതിരുന്നത് പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തുന്നത്. ആരുടെയോ സ്വാധീനത്താല്‍ വലിയ അന്വേഷണം നടത്താതെ നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്നും ആരോപണമുണ്ട്. ഒടുവില്‍ പരാതിയില്‍ കമ്മീഷണര്‍ നേരിട്ട് ഇടപെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button