സ്വപ്നയെ രണ്ടാം വട്ടം ചോദ്യം ചെയ്യുന്നത് മന്ത്രി ജലീലിനും, സർക്കാരിനും നിർണ്ണായകമാകും.

എൻ ഐ എ ക്ക് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വപ്നയെ രണ്ടാം വട്ടം ചോദ്യം ചെയ്യുന്നത് മന്ത്രി ജലീലിനും, സംസ്ഥാന സർക്കാരിനും നിർണ്ണായകമാകും. മന്ത്രി ജലീലിൽ നിന്ന് എൻ ഐ എയും, എൻഫോഴ്‌സ്‌മെന്റും എടുത്ത മൊഴികൾ കോർത്തിണക്കുകയും,കേസിനു ആധാരമായി ലഭിച്ച ചില തെളിവുകൾ സ്ഥിരീകരിക്കുകയുമാണ്
രണ്ടാം വട്ട ചോദ്യംചെയ്യലിൽ ലക്ഷ്യമിടുന്നതെങ്കിലും, മന്ത്രിയുമായി സ്വപ്നക്കുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആശയവിനിമയകാര്യങ്ങൾ കൂടി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്.
സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവയിൽ നിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും സ്വപ്നയെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യുന്നത്.
ബെംഗളൂരുവിൽ ജൂലൈ 10നു അറസ്റ്റിലായശേഷം തുടർച്ചയായി 12 ദിവസം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും കെ.ടി.ജലീലിനെതിരായ മൊഴികളോ തെളിവുകളോ സ്വപ്ന നൽകിയിരുന്നില്ല. സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയുടെ സൈബർ ഫൊറൻസിക് പരിശോധനാ ഫലം വന്നതോടെയാണു സ്വപ്ന പലതവണ ജലീലുമായി ആശയവിനിമയം നടത്തിയതായി എൻഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഇതോടെയാണു സ്വപ്നയടക്കമുള്ള പ്രതികളെക്കുറിച്ചു കെ.ടി.ജലീലിന് അറിയാവുന്ന മുഴുവൻ വിവരങ്ങളും മൊഴിയായി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു പരിചയപ്പെടുത്തിയതുകൊണ്ടു മാത്രമാണു സ്വപ്നയുമായി ബന്ധം നിലനിർത്തിയതെന്ന മന്ത്രിയുടെ മൊഴി വസ്തുതാപരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആദ്യ വിലയിരുത്തുന്നതെങ്കിലും ഇതിനു കൂടി സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്കാളിത്തം പുറത്തുവരുന്നതുവരെ അവർക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു മനസ്സിലാക്കിയില്ലെന്ന് ജലീലിൽ മൊഴി നൽകിയിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നു കൈമാറിയ മതഗ്രന്ഥങ്ങൾ അടക്കം ചെയ്ത നയതന്ത്ര പാഴ്സലിനുള്ളിൽ മറ്റൊന്നുമില്ലെന്നാണ് ഉത്തമബോധ്യമെന്നും അതങ്ങനെ തന്നെയാകണമെന്നാണു പ്രാർഥനയെന്നും ജലീൽ അന്വേഷണ സംഘത്തോടു പറയുകയുണ്ടായി.
സ്വപ്നയെ കോൺസുലേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥർ കേരളത്തിലെ ഒരു മന്ത്രിക്കു പരിചയപ്പെടുത്തി നേരിട്ട് ആശയവിനിമയത്തിന് അവസരമുണ്ടാക്കിയതു മനഃപൂർവമാണോ എന്നതും എൻഐഎ ചികയുന്നുണ്ട്. മന്ത്രി നൽകിയ മൊഴിയും 22ന് എൻഐഎ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സ്വപ്നയുടെ മൊഴിയും പൊരുത്തപ്പെട്ടാൽ മന്ത്രിയെ ഇനി എൻഐഎ വിളിച്ചുവരുത്താനല്ല സാധ്യത കാണുന്നില്ല. കെ.ടി.ജലീലിന്റേതല്ലാത്ത ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ ഒരു ശബ്ദസന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം അന്വേഷണസംഘങ്ങളെ സംശയപ്പെടുത്തുന്നുണ്ട്. ആവശ്യം വന്നാൽ മന്ത്രിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ശബ്ദസാംപിൾ ശേഖരിച്ചു കോടതി ഉത്തരവോടെ എൻഐഎ പരിശോധനയ്ക്ക് അയക്കുന്നതിന് പറ്റിയും ആലോചിക്കുന്നുണ്ട്.