സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റബിൻസ് കൊച്ചിയിൽ എൻ ഐ എ കസ്റ്റഡിയിൽ.

കൊച്ചി: വിവാദമായ യു എ ഇ കോൺസുലേറ്റ് വഴി നടന്ന സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ മൂവാറ്റുപുഴ സ്വദേശിയായ റബിൻസിനെ എൻ ഐ എ കൊച്ചിയിൽ എത്തിച്ചു. നേരത്തെ യു.എ.ഇയിൽ പിടിയിലായ റബിൻസിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാനായി എൻ.ഐ.എ. ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
യു.എ.ഇ. കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയത് ഇയാളായിരുന്നു എന്നാണ് എൻ ഐ എ ആരോപിക്കുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് റബിൻസിലേക്കും അന്വേഷണം നീളുന്നത്. തുടർന്ന് യു.എ.ഇ. ഭരണകൂടം ഇയാളെ അറസ്റ്റ് ചെയ്യുകയും, കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരം യു.എ.ഇ. റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരുന്നു. സ്വർണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഇയാളെ നാട്ടിലെത്തിക്കുക എന്ന പ്രധാന കടമ്പയാണ് അന്വേഷണ ഏജൻസി ഇതോടെ തരണം ചെയ്തിരിക്കുന്നത്.
എയർഇന്ത്യ വിമാനത്തിൽ വൈകിട്ട് 4.25-ഓടെയാണ് റബിൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നത്. എയർ പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ എൻ.ഐ.എ. കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യു.എ.ഇയിൽ അറസ്റ്റിലായത്. ഇവരെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.