ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. ജൂലൈ 19ന് വൈകുന്നേരം ഏഴരയോടെ അല്‍റ്റോണ മെഡോസിലെ സെന്‍ട്രല്‍ സ്ക്വയര്‍ ഷോപ്പിങ് മാളിലെ ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ സൗരഭ് ആനന്ദ്(33) എന്ന ഇന്ത്യന്‍ വംശജനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. അഞ്ചോളം വരുന്ന കൗമാരക്കാര്‍ സൗരഭിന്‍റെ കൈ, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്നതരം മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ട് ഏറെക്കുറെ അറുത്തു.സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ അഞ്ച് കൗമാരക്കാര്‍ വളഞ്ഞു. കൂട്ടത്തിലൊരാള്‍ സൗരഭിന്‍റെ പാന്‍റ്സിന്‍റെ പോക്കറ്റിലേക്ക് കൈ കടത്തി. മറ്റൊരാള്‍ തലയ്ക്കിടിച്ച് നിലത്ത് വീഴ്ത്തി. കൂട്ടത്തിലെ മൂന്നാമന്‍ മൂര്‍ച്ചേറിയ ബ്ലേഡ് എടുത്ത് സൗരഭിന്‍റെ കഴുത്തിനോട് ചേര്‍ത്ത് വച്ചു. ഉടന്‍ തന്നെ സൗരഭ് കൈ കൊണ്ട് പ്രതിരോധിച്ചു. ഇതോടെയാണ് കൈയില്‍ സാരമായ പരുക്കേറ്റത്.കൈ അറുത്തതിന് പുറമെ ചുമലിലും പുറത്തും അക്രമികള്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. സൗരഭിന്‍റെ നട്ടെല്ലിന് പരുക്കേല്‍ക്കുകയും നിരവധി അസ്ഥികള്‍ ഒടിയുകയും ചെയ്തിട്ടുണ്ട്. മാരകമായി മുറിവേറ്റ താന്‍ എങ്ങനെയൊക്കെയോ നടന്ന് സഹായം തേടിയെന്നും ആളുകള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും സൗരഭ് ഓര്‍ത്തെടുത്തു. അറ്റു തൂങ്ങിയ ൈകയ്യുമായി എത്തിയത് കണ്ടപ്പോള്‍ മുറിച്ച് മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് തുന്നിച്ചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
#Racial attack on an Indian in Australia