Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ആദിവാസി വിദ്യാര്‍ത്ഥികളോട് വംശീയ വിവേചനം, ഇവരെ ഒഴിവാക്കി നാം രചിക്കുന്ന ഒരു ചരിത്രവും പൂർണ്ണമല്ല.


ആദിവാസി വിദ്യാര്‍ത്ഥികളോട് വംശീയ വിവേചനം, വയനാട്ടിൽ സമരം.

ലോകോത്തര നിലവാരത്തിലുള്ള കെട്ടിടങ്ങൾ പണിതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും സംസ്ഥാന ഗവൺമെൻ്റ് വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിക്കുകയാണെന്ന് പറയുമ്പോൾ, വയനാട്ടിൽ നടക്കുന്ന വംശീയ വിവേചനം അതേ സർക്കാർ കാണാതെ പോകുന്നു. വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളോട് തുടരുന്ന വംശീയ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആദിവാസി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ വയനാട് സിവില്‍സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരം നടന്നു വരുകയാണ്. ഒരു സർക്കാറിനെതിരെ മാത്രമല്ല അവരുടെ ഈ സമരം. മാറി മാറി വരുന്ന സർക്കാരുകൾ തങ്ങളോട് കാട്ടുന്ന വർഷങ്ങൾ പഴക്കമുള്ള അവഗണനയോടാണ് കൂടി എതിരായാണ് ഈ പ്രതിഷേധം. എങ്കിലും വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിക്കുന്ന സർക്കാർ, ആ ചരിത്രത്തെ നിഷ്പ്രയാസം തിരുത്തി എഴുതാൻ കഴിയുന്ന ഈ ജീവിതങ്ങളെ കാണാതെ പോകരുത് എന്ന് മാത്രം പറയുകയാണ്.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് തേരമ്പറ്റ സ്വദേശിയായ വിപിന്‍ എന്ന വിദ്യാർത്ഥി ഒരു പ്രതികമാണ്. അർഹതപ്പെട്ട വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഒരു ജനതയുടെ പ്രതികം. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള നല്ലൂര്‍ നാട് എം.ആര്‍.എസ് സ്‌കൂളില്‍ നിന്ന് 2014 ലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. എന്നാൽ ബിരുദ പഠനത്തിന് ഒരു സീറ്റ് കിട്ടാൻ വിപിൻ കാത്തിരുന്നത് 4 വർഷമാണ്. പഠനത്തിന് ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടപ്പോൾ ആ ആഗ്രഹം തന്നെ ഉപേക്ഷിച്ച് ജീവിതോപാധിക്കായി വിപിൻ മറ്റു വഴികൾ തേടിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആദിശക്തി സമ്മര്‍ സ്‌കൂള്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തിയ ഇടപെടലുകള്‍ വഴിയാണ് വിപിന്‍ എറണാകുളത്തെ കളമശ്ശേരി സെന്റ് പോള്‍ കോളേജില്‍ ഡിഗ്രിക്ക് അപേക്ഷിക്കുന്നത്. വിപിന് അവിടെ ബി.എ എക്കണോമിക്‌സിന് സീറ്റ് ലഭിച്ചു. ഇത്തരത്തിൽ അർഹതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ട് പഠന മോഹം ഉപേക്ഷിച്ച ഒട്ടനവധി വിപിൻമാരെ വയനാട്ടിലെ ആദിവാസി ഊരുകളിൽ കാണാം.
ജനസംഖ്യാനുപാതത്തിലുള്ള സീറ്റുകള്‍ ജില്ലയില്‍ ലഭിക്കാത്തതാണ് വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയുണ്ടായിട്ടും അവരുടെ വിദ്യാഭ്യാസ മോഹങ്ങളുപേക്ഷിക്കേണ്ടി വരുന്നതിന്റെ മുഖ്യകാരണം.

വേണ്ടത്ര ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ അനുവദിക്കാത്തതിനാൽ എല്ലാ വര്‍ഷവും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് അര്‍ഹരായ വയനാട് ജില്ലയില്‍ നിന്നുള്ള നൂറുകണക്കിന് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നിയമപരമായി 25,000-ത്തോളം സീറ്റുകള്‍ സംസ്ഥാനവ്യാപകമായി നീക്കിവെക്കാറുണ്ടെങ്കിലും, പ്രതിവര്‍ഷം ശരാശരി 6,000-ത്തോളം കുട്ടികള്‍ മാത്രമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നത്. സാമ്പത്തീക പ്രതിസന്ധിയാണ് ഈ അവസ്ഥയ്ക്ക് കാരണം. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മൂന്നില്‍ ഒന്ന് ഭാഗം വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ഈ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 2,442 പേരില്‍ 2,009 കുട്ടികള്‍ യോഗ്യത നേടി. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹത നേടിയ, പട്ടിക വർഗ്ഗ ജനവിഭാഗം ഏറ്റവും കൂടുതൽ ഉള്ള വയനാട് ജില്ലയിൽ അവർക്കുള്ള സീറ്റുകൾ വെറും 529 എണ്ണം മാത്രമാണ്.

ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഒരു കേന്ദ്ര അലോട്ട്‌മെന്റ് നടപടിക്രമത്തിലൂടെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്നത്. എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന പ്രോസ്‌പെക്ടസില്‍ നിയമങ്ങള്‍വ്യക്തവുമാണ്. അലോട്ട്‌മെന്റ് നടപടിക്രമങ്ങളുടെ ഷെഡ്യൂള്‍ അനുസരിച്ച്, ട്രയല്‍ അലോട്ട്‌മെന്റും ആദ്യത്തെ അലോട്ട്‌മെന്റും ഇതിനകം നടത്തിയിട്ടുണ്ട്. വയനാട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 529 സീറ്റുകള്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂവെന്ന് ഇവർ പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.

ഈ 529 സീറ്റുകളില്‍ 158 സീറ്റുകള്‍ ഹ്യുമാനിറ്റീസ് സ്ട്രീമിനും 159 സീറ്റുകള്‍ കൊമേഴ്സ് സ്ട്രീമിനും 212 സീറ്റുകള്‍ സയന്‍സ് സ്ട്രീമിനും വേണ്ടിയാണ്. സാധാരണയായി, ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും, പ്രത്യേകിച്ചും പട്ടികവര്‍ഗത്തിലെ ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികൾ ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് പതിവ്.

അതിനാല്‍, വയനാട് ജില്ലയില്‍ നിന്നുള്ള രണ്ടായിരത്തിലധികം ആദിവാസി വിദ്യാര്‍ത്ഥികള്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമുകള്‍ക്കായി അവശേഷിക്കുന്ന തുച്ഛമായ സീറ്റുകള്‍ക് മത്സരിക്കേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്.. ശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറെയധികം വര്‍ഷങ്ങളായി വയനാട്ടിലെ അവസ്ഥ ഇത് തന്നെയാണ്.

ഈ വിദ്യാർത്ഥികൾക്ക് പിന്നെയുള്ള ഏക പ്രതീക്ഷ സ്‌പോട്ട് അലോട്ട്‌മെൻ്റാണ്. മുഴുവന്‍ അലോട്ട്‌മെന്റ് നടപടിക്രമത്തിനും ശേഷം ശേഷിക്കുന്ന സീറ്റുകള്‍ നികത്തുന്ന പ്രക്രിയയാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. സാധാരണയായി, ഹ്യുമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമുകളില്‍ സീറ്റുകളൊന്നും ആ സമയം അവശേഷിക്കില്ല. ഇതോടെ പാരലൽ കോളേജുകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് വിദ്യാർത്ഥികൾ മാറുന്നു. അവിടെ ആവശ്യമായ ഫീസ് വിദ്യാർത്ഥികൾ അടച്ചാൽ സർക്കാരിൽ നിന്ന് തിരികെ കിട്ടുമെന്നാണ് വാദം. ഈ വ്യവസ്ഥയില്‍ പാരലല്‍ കോളേജ് സ്ഥാപനങ്ങള്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബാച്ചുകള്‍ നടത്തുന്നു. ഫീസ് റീഇംബേഴ്‌സ്‌മെന്റിലെ പരാജയം കാരണം അവരില്‍ പലരും വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുന്നതിനാല്‍ ഈ വിദ്യാര്‍ത്ഥികളുടെ അവസ്ഥ ദയനീയമാണ്.
സ്‌പോട്ട് അലോട്ട്‌മെന്റ് പ്രവേശനം ലഭിച്ച മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര സ്‌കൂളുകളില്‍ പോകേണ്ടിവരും. പലപ്പോഴും അവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായി എടുക്കേണ്ട ശാസ്ത്ര വിഷയങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടി ഇരിക്കേണ്ടിവരുന്ന സ്ഥിതിയാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകാറുള്ളത്. ഒന്നും രണ്ടും മാസത്തെ പാഠഭാഗങ്ങള്‍ അതിനകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടാകുന്ന ക്ലാസുകളുമായി ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കണമെന്നില്ല. ക്രമേണ, ഇവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും ഡ്രോപ്പ് ഔട്ട് ചെയ്യുന്നു. ഇങ്ങനെയൊക്കെയാണ് ഈ മേഖലയിലെ അവസ്ഥകള്‍.

മറ്റ് ജില്ലകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി നീക്കിവെച്ചിരിക്കുന്നതില്‍ 80% സീറ്റുകള്‍, പ്രോസ്‌പെക്ടസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മറ്റ് കാറ്റഗറി വിദ്യാര്‍ത്ഥികള്‍ക്കായി
തിരിച്ചുവിടുകയാണെന്നും, കഴിഞ്ഞ വര്‍ഷം ,പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരുന്ന 16,000 സീറ്റുകള്‍ ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞയുടനെ ഇപ്രകാരം തിരിച്ച് വിട്ടിരുന്നെന്നും സമരത്തിന് നേതൃത്വം നൽകുന്ന ആദിവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റ് തന്നെ പ്രസിദ്ധീകരിച്ച സാമൂഹിക സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം എല്ലാ വര്‍ഷവും വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്തുപോകുന്നു എന്നാണ്. സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 95% ആണ്. അടിയ, പണിയ, കാട്ടുനായിക്ക മുതലായ ദുര്‍ബലരായ ഗോത്ര സമുദായങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുന്നത്. ഈ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം മാത്രം കൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസത്തിന് മതിയായ സൗകര്യങ്ങള്‍ നല്‍കാത്തതിലൂടെ അധികാരികള്‍ കാണിക്കുന്ന നിസ്സംഗത മൂലമാണ് ഈ സ്ഥിതി വിശേഷം ഉണ്ടാകുന്നത്.

പ്ലസ് ടു വിൻ്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ ബിരുദത്തിൻ്റെ സ്ഥിതി അതിലും ദയനീയമാണ്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉന്നതപഠനത്തിന് പോകാനാഗ്രഹിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളും ജില്ലയില്‍ നേരിടുന്നത് വലിയ രീതിയിലുള്ള അവഗണനകളാണ്. വയനാട്ടില്‍ നിന്നും, അട്ടപ്പാടി പോലുള്ള മേഖലകളില്‍ നിന്നും ഉന്നതപഠനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനോ ഫീസ് അടക്കാനോ ഉള്ള സൗകര്യങ്ങള്‍ ഇല്ല. ഇ വസ്തുത കോളേജുകളും, യൂണിവേഴ്‌സിറ്റികളും പരിഗണിക്കാറില്ല. സ്വയംഭരണ കോളേജുകളും, യൂണിവേഴ്‌സിറ്റികളുടെ ഏകജാലക പ്രവേശനം പിന്‍തുടരുന്ന കോളേജുകളും അഡ്മിഷന്‍ സംവിധാനത്തില്‍ എസ്.സി./എസ്.ടി. സീറ്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാറില്ല. കൃത്യമായതും, ഏകീകൃതവുമായ ഒരു ഷെഡ്യൂള്‍ എസ്.സി./എസ്.ടി. കാറ്റഗറി അഡ്മിഷന് പാലിക്കാന്‍ സര്‍ക്കാര്‍ ഒരു ഗൈഡ്‌ലൈന്‍ ഇതുവരെ നല്‍കിയിട്ടുമില്ല.മിക്ക സ്വയംഭരണ കോളേജുകളും ഒഴിവുള്ള സീറ്റുകള്‍ അവരുടെ വെബ്‌സൈറ്റിലോ, പത്രങ്ങളിലോ പ്രസിദ്ധീകരിക്കാറില്ല. സ്‌പോട്ട് അലോട്ട്‌മെന്റിന്റെ തലേദിവസം മാത്രം ഒരു പത്രക്കുറിപ്പ് കൊടുക്കുകയും, ഒഴിവുള്ള വിഷയങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുകയാണ് പതിവ്. അതുവഴി നിരവധി കോളേജുകള്‍ എസ്.സി./എസ്.ടി. സീറ്റുകള്‍ പൊതുവിഭാഗത്തിന് കൈമാറുന്നതാണ് പതിവ്.ഇ-ഗ്രാന്റ്‌സ് ഉള്ള കോഴ്‌സുകള്‍ക്കുപോലും സര്‍ക്കാര്‍ അംഗീകൃത ഫീസ് കൂടാതെ പല കോളേജുകളും 5000 രൂപ മുതല്‍ 10,000 രൂപവരെ കുട്ടികളോട് അടക്കാന്‍ നിര്‍ബന്ധിക്കുന്ന പതിവുമുണ്ട്. ഈ തുക നല്‍കാന്‍ സാധിക്കാതെ പഠനമവസാനിപ്പിക്കേണ്ട സ്ഥിതിയുമുണ്ട്. ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാലും മിക്ക ജില്ലകളിലും എസ്.സി/എസ്.ടി. വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടുന്നുണ്ട്.

ആദിവാസി സംഘടനകളും, അധ്യാപക സംഘടനകളും, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പും നിരവധി പരാതികളും നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പോ കേരള സര്‍ക്കാരോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറോ വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ സീറ്റുകള്‍ / ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ പ്രതിവര്‍ഷം നൂറുകണക്കിന് ആദിവാസി വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.

കൂനിന്മേൽ കുരുവെന്ന പോലെ കോവിഡ് കൂടി വന്നതോടെ ഇവരുടെ അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നപ്പോള്‍ ഓണ്‍ലൈന്‍ പഠന സൗകര്യം എല്ലാവര്‍ക്കും നല്‍കിയതായി ഹൈക്കോടതിയെ പട്ടികജാതി / പട്ടികവര്‍ഗ്ഗവകുപ്പ് തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. കൊറോണ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി എന്തെങ്കിലും പിന്തുണ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്നില്ല. കൊറോണ കാലത്തും ഡിഗ്രി/പി.ജി. അഡ്മിഷന് വേണ്ടി ഇന്റര്‍വ്യൂകളും ടെസ്റ്റും കോളേജുകള്‍ നടത്തുന്നുണ്ട്. വളരെ പെട്ടെന്നാണ് അറിയിപ്പ് വരുന്നത്. എം.എസ്.ഡബ്ല്യു. വിന് കോഴിക്കോട് ദേവഗിരി കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ വാഹനസൗകര്യം ഏര്‍പ്പാടാക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കുട്ടികളുടെ വാസസ്ഥലമായ കോളനിയിലേക്ക് ആംബുലന്‍സ് അയയ്ക്കുകയാണ് ചില ട്രൈബല്‍ ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇനി ദേശീയ വിദ്യാഭ്യാസ നയം കൂടി വരുന്നതോടെ തങ്ങൾ ചിത്രത്തിൽ നിന്ന് തന്നെ ഇല്ലാതാകും എന്ന ആശങ്കയാണ് ആദിവാസി വിഭാഗങ്ങളില്‍ നിന്നുയരുന്നത്. വിദ്യാർത്ഥികളുടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമെന്നോണം ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ
ആദിശക്തി സമ്മര്‍ സ്‌കൂള്‍ ചില നിർദ്ദേശങ്ങളും മുന്നോട്ട് വെക്കുന്നു.

പട്ടികവര്‍ഗ്ഗ ജനസംഖ്യ കൂടുതലുള്ള സ്‌കൂളുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി മാത്രമുള്ള പ്രത്യേക ബാച്ചുകള്‍ ആരംഭിക്കുക,പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മാത്രമുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിൽ
നിലവിലുള്ള ഒരു ക്ലാസിന്റെ ശരാശരി ശക്തി 30-35 ആണ്. ഈ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് (ഹ്യൂമാനിറ്റീസ്- ന് 50 വരെ) പുറമേ അധിക ബാച്ചുകള്‍ നിലവിലുള്ള എം.ആര്‍.എസ് സ്‌കൂളുകളിലെ ഡേ സ്‌കോളര്‍സിനായ് അവതരിപ്പിക്കുക, മറ്റ് ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും പൂരിപ്പിച്ചിട്ടില്ലാത്ത റിസര്‍വ് ചെയ്ത സീറ്റുകള്‍ ഉണ്ട്. ഹോസ്റ്റല്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ഷെഡ്യൂള്‍ഡ് ട്രൈബ് വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും ബിരുദ/പി.ജി വിദ്യാഭ്യാസത്തിനും പോകാന്‍ തയ്യാറാണ്. അതിനാൽ അട്ടപ്പാടി പോലുള്ള വിദൂര/വനമേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആദിവാസി വകുപ്പിന്റെ പിന്തുണ നല്‍കി മറ്റ് ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ ചേരാന്‍ അവസരമൊരുക്കുക,വയനാട്ടിലും മറ്റ് ജില്ലകളിലും ഹോസ്റ്റല്‍ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുക, ആവശ്യമായ ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുക,. എന്നീവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ചരിത്ര നിർമ്മിതിക്കിടയിൽ ഇവരുടെ ജീവിതം കാണാൻ സർക്കാരിന് കണ്ണുണ്ടാകുമോ എന്ന് സംശയമാണ്. അല്ലെങ്കിൽ ഇത്തരത്തിൽ ഒരു യാഥാർത്ഥ്യം മുന്നിലുണ്ടായിട്ടും അവയെ പൂർന്നണ്ണമായും അവഗണിച്ച് ചരിത്ര നിർമ്മാണത്തിന് ഒരുമ്പെടില്ലായിരുന്നു. വോട്ടിന് വേണ്ടി എത്തുമ്പോൾ ചരിത്രത്തിൻ്റെ ഭാഗമാകുകയും അല്ലാത്തപ്പോൾ ചരിത്രത്തിന് പുറത്താവുകയും ചെയ്യുന്ന ഈ ജനതയുടെ സ്ഥിതി എന്ന് പരിഹരിക്കും എന്നറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഇവരെ ഒഴിവാക്കി നാം രചിക്കുന്ന ഒരു ചരിത്രവും പൂർണ്ണമല്ല. സൃഷ്ടിക്കപ്പെടുന്ന നവചരിത്രത്തിലെ തിരുത്തലുകളായി ഈ ജനത നമ്മളോട് തന്നെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അത് മറക്കരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button