റഡാർ തകരാർ; തിരുവനന്തപുരം– ഡൽഹി എയർ ഇന്ത്യ സർവീസ് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തു
റഡാർ തകരാർ സംഭവിച്ചതിനെ തുടർന്ന് തിരുവനന്തപുരം– ഡൽഹി എയർ ഇന്ത്യ സർവീസ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള നാല് എംപിമാരും, തമിഴ്നാട്ടിൽ നിന്നുള്ള ഒരാളുമുൾപ്പെടെ അഞ്ച് എംപിമാർ വിമാനത്തിൽ യാത്ര ചെയ്തിരുന്നു. കെ. സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവർ അതിൽ ഉൾപ്പെടുന്നു.
160 യാത്രക്കാരുമായി രാവിലെ 7.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ 2455 സർവീസിനാണ് പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാർ ഉണ്ടായത്. ഉടൻ ചെന്നൈയിൽ അടിയന്തര ലാൻഡിംഗിന് അനുമതി ലഭിച്ചെങ്കിലും, റൺവേയിൽ ഇതിനകം മറ്റൊരു വിമാനം ഉണ്ടായിരുന്നതിനെ തുടർന്ന് ചെറിയ താമസം നേരിട്ടു. ഇന്ധനം സുരക്ഷിതമായി ചെലവഴിക്കുന്നതിനായി വിമാനം കുറച്ചുനേരം കൂടി പറന്നതിന് ശേഷമാണ് ലാൻഡിങ് നടത്തിയത്.
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എംപി അടൂർ പ്രകാശ് അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മറ്റൊരു സർവീസിൽ എംപിമാരടക്കമുള്ള യാത്രക്കാരെ ഡൽഹിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വിമാനം പരിചയസമ്പന്നനായ ക്യാപ്റ്റൻ സുരക്ഷിതമായി നിലത്തിറക്കിയതായി കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്ന ശേഷമായിരുന്നു ലാൻഡിങ്, റൺവേയിലുള്ള മറ്റൊരു വിമാനത്തിന് തൊട്ടടുത്ത് തന്നെയാണ് അവരുടെ വിമാനം പറന്നുയർന്നതെന്നും അദ്ദേഹം പറഞ്ഞു.
Tag: Radar malfunction; Thiruvananthapuram-Delhi Air India flight lands in Chennai