ഇന്ത്യൻ സേനയുടെ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് റഫാൽ വിമാനങ്ങൾ മുതൽക്കൂട്ടാകും

ഹരിയാനയിലെ അംബാലയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ ഔദ്യോഗികമായി ഏറ്റുവാങ്ങി. ഫ്രാൻസിൽ നിന്നും ആദ്യബാച്ചിലെത്തിയ അഞ്ച് വിമാനങ്ങൾ റഫാൽ യുദ്ധവിമാനങ്ങൾ ആണ് ഇന്ത്യൻ സേനയുടെ ഭാഗമായി മാറിയത്. ഇന്ത്യൻ സേനയുടെ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് റഫാൽ വിമാനങ്ങൾ മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സർവ്വമത പ്രാർഥനയും വ്യോമാഭ്യാസ പ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് എന്നിവർ പങ്കെടുത്തു. 59000 കോടി രൂപ മുടക്കി ആകെ 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. ഇതിൽ അഞ്ചെണ്ണം ജൂലൈ 29ന് അംബാലയിൽ എത്തിയിരുന്നു. ഈ വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി കൈമാറിയത്. മിറാഷ് യുദ്ധവിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കുമ്പോൾ 25 ടൺ ഭാരം വഹിക്കാനുമാകും. രണ്ടാം യുപിഎ സർക്കാർ കാലത്താണ് റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിക്കുന്നത്. മോദി സർക്കാർ വന്നതിന് ശേഷം 2016ലാണ് ഫ്രാൻസുമായി കരാറൊപ്പിട്ടത്. കരാറിൽ ചട്ടലംഘനമുണ്ടെന്നും വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയിൽ മൂന്ന് മടങ്ങിന്റെ വർധനവുണ്ടെന്നും കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചിൽപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് അംബാലയിലെത്തിയത്. 58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.