Kerala NewsLatest NewsPolitics

ആറു പ്രാവശ്യം വിളിച്ചപ്പോള്‍ മുകേഷേട്ടന് ദേഷ്യം വന്നിട്ടുണ്ടാകാം, ഫോണ്‍വിവാദത്തില്‍ വിദ്യാര്‍ത്ഥിയുടെ പ്രതികരണം

ഒറ്റപ്പാലം: മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് എം.എല്‍.എ കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥി. ഒറ്റപ്പാലം മുന്‍ എം.എല്‍.എ എം. ഹംസ കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി മാധ്യമങ്ങളെ കണ്ടത്.

‘കുട്ടിയുടെ മാതാപിതാക്കള്‍ സി.പി.എം പ്രവര്‍ത്തകരാണ്. പിതാവ് സി.ഐ.ടി.യു നേതാവാണ്. വിദ്യാര്‍ഥി ബാലസംഘം പ്രവര്‍ത്തകനാണ്. മുകേഷിനോടുള്ള ആരാധന കൊണ്ട് സുഹൃത്തിന് വേണ്ടി താരത്തെ വിളിക്കുകയായിരുന്നു. അത് മുകേഷ് മനസ്സിലാക്കും’ മുന്‍ എം.എല്‍.എ എം.ഹംസ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷ്ണു പറയുന്നത് ഇങ്ങനെ,

‘ആറ് തവണ വിളിച്ചു. സിനിമ നടനെ വിളിക്കുകയല്ലേ എന്‍റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടി സഹായം തേടിയാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപെട്ടത്. സാര്‍ ഫോണ്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഫോണില്ലാത്ത കുട്ടികള്‍ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അത് കൊണ്ടാണ് വിളിച്ചത്. എനിക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു. അത് കണ്ട് മറ്റ് കുട്ടികള്‍ക്ക് വേണ്ടി ഇടപെടാന്‍ മുകേഷിനെ വിളിച്ചത്’ വിദ്യാര്‍ഥി പ്രതികരിച്ചു.

‘ അദ്ദേഹം ഗൂഗിള്‍ മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് വിളിച്ചത്. അതുകൊണ്ട് കോള്‍ കട്ടായിപ്പോയിയെന്ന് പറഞ്ഞ് തിരിച്ച്‌ വിളിക്കുകയായിരുന്നു. ഒരു സിനിമാതാരത്തെ വിളിക്കുന്നതുകൊണ്ടാണ് കോള്‍ റെക്കോഡ് ചെയ്തത്. റെക്കോഡ് ചെയ്ത കോള്‍ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. വേറെ ആര്‍ക്കും താന്‍ അയച്ചുകൊടുത്തിട്ടില്ല’ മീറ്റ്ന സ്വദേശിയായ വിദ്യാര്‍ത്ഥി വിഷ്ണു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുകേഷ് എം.എല്‍.എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തിയിരുന്നു. എംഎല്‍എയ്‌ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button