രാഹുലും പ്രിയങ്കയും ലഖിംപൂരിലേക്ക്
ലഖ്നൗ: കര്‍ഷകരുടെ ദാരുണ കൊലപാതകത്തില്‍ പ്രക്ഷുബ്ധമായ ലഖിംപൂര്‍ ഖേരി ശാന്തമായി. ഇനിമുതല്‍ രാഷ്ടീയക്കാര്‍ക്ക് പ്രവേശനമാകാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാമെന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇതോടെ സര്‍ക്കാരിന്റെ അനുമതി കാത്തിനിന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും ലഖിംപൂരിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു.
ലഖിംപൂരില്‍ എന്താണ് നടന്നതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രസര്‍ക്കാരിന് യോഗി സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ സംഭവം യോഗി ആദിത്യനാഥ് തന്നെ പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പ്രദേശത്ത് കൂട്ടമായി വന്ന് ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കാനിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
ഈ ദുരന്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസ് നീക്കത്തെ തടഞ്ഞതോടെ രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ നിരവധി പേര്‍ സര്‍ക്കാരിനു പിന്നില്‍ അണിനിരന്നു. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ ലഖിംപൂര്‍ ഖേരി ശാന്തമായി. കലാപത്തിനിടയില്‍ മുതലെടുപ്പിന് ശ്രമിച്ച പ്രിയങ്ക വാദ്രയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്നും യുപിയിലേക്കു തിരിച്ച രാഹുലിനൊപ്പം പ്രിയങ്കയും പ്രശ്‌നബാധിത സ്ഥലവും കര്‍ഷക കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കും.