ന്യൂഡല്‍ഹി: ട്വിറ്റര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അത്തരത്തിലാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. ട്വിറ്റര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരിക്കുന്നവരുടെ താളത്തിനൊത്ത് തുള്ളുകയാണ് ട്വിറ്ററെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്റര്‍ മരവിപ്പിച്ചതോടെ യൂട്യൂബില്‍ ട്വിറ്ററിന്റെ അപകടകരമായ കളി എന്ന പേരില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.
സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ അജയ് മാക്കന്‍, ലോക്സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി ഒന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ രാഹുല്‍ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്നതരത്തില്‍ ബന്ധുക്കളുടെ ഫോട്ടോയും ചേര്‍ത്ത് ട്വിറ്റ് ചെയ്തു.
സംഭവം വിവാദമായതോടെ ഇതിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചു കൊണ്ട് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ട്വിറ്ററിന്റെ വിശദീകരണം ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് വിശദീകരണമായി രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നത് കഴിഞ്ഞ ദിവസമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നും അതിനാല്‍ ട്വീറ്റ് നീക്കുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തിരുന്നത് വിവാദമായിരുന്നു.