രാഹുലിനെതിരെ ട്വിറ്ററിന് പിന്നാലെ നടപടിയുമായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും
ദില്ലി: ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ഫെയ്‌സ് ബുക്കും ഇന്‍സ്റ്റ ഗ്രാമും നീക്കം ചെയ്തു. ദില്ലിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്. സമൂഹമാധ്യമങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന്് ട്വിറ്റര്‍ രാഹുല്‍ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
ദില്ലിയില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ച ഒന്‍പത് വയസുകാരിയുടെ മരണത്തിലാണ് വിവാദത്തിന്റെ തുടക്കം്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്‌കരിക്കുകയായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന കാരണത്താലാണ്് സമൂഹമാധ്യമങ്ങളുടെ നടപടി. സമൂഹമാധ്യമങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഈ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയോട് ഫെയ്‌സ്ബുക്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാലാവകാശ കമ്മീഷന്‍ ഫെയ്‌സ്ബുക്കിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി.
ഇക്കാരണത്താലായിരുന്നു ട്വിറ്ററിന്റെയും നടപടി. ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്ത് ഏഴ് ദിവസമായപ്പോഴാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്. ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്റെ പ്രതികരണം. അതേസമയം ട്വിറ്റര്‍ നടപടിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.