രാജ്യത്തിനു തന്നെ മാതൃകയായി സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ബസ് യാത്ര സൗജന്യമാക്കി.

ഗുവാഹട്ടി / രാജ്യത്തിനു തന്നെ മാതൃകയായി സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അസം സർക്കാർ ബസ് യാത്ര സൗജന്യമാക്കി. 25 ബസുകളാണ് ഗുവാഹട്ടി നഗരത്തിനുള്ളിൽ ഇതിനായി മാത്രം സർവീസ് നടത്താൻ സർക്കാർ അനുവദിച്ചിരിക്കുന്നത്. ബസുകളുടെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സർബാനന്ദ സൊനോവൾ നിർവഹിച്ചിരിക്കുകയാണ്.
ഭ്രമൺ സാരഥി പദ്ധതിയുടെ പേരിലാണ് പദ്ധതി സർക്കാർ നടപ്പാക്കിയിരിക്കുന്നത്. ‘പിങ്ക് ബസുകൾ’ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വളരെയധികം ഉപകാരപ്രദമാകുമെന്നാണ് മുഖ്യമന്ത്രി സർബാനന്ദ സൊനോവൾ അറിയിച്ചിരിക്കുന്നത്.
അസം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (ASTC) പുതിയ ബസ് സര്‍വീസുകൾ സർക്കാരിന്‍റെ പുതുവർഷ ക്ഷേമപദ്ധതികൾക്ക് പുതിയൊരു മുഖം നൽകിയിരിക്കുകയാണ്. അഞ്ച് റൂട്ടുകളിൽ സർവീസ് നൽകുന്ന ഈ ബസുകൾ പരിപാലിക്കുന്നതിനു യാത്രക്കാരുടെ സേവനവും അഭ്യർത്ഥിച്ചിട്ടുണ്ട്.