വിദേശത്ത് നിന്നും വീണ്ടും കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിന്മേലുള്ള ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ സംസാരിക്കവെയായിരുന്നു രാഹുലിന്റെ വിമർശനം.
ഇന്ത്യയിൽ വിവിധ മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളും സഹവർത്തിക്കുന്നു, ജനാധിപത്യം അതിനെയെല്ലാം ഉൾക്കൊള്ളുന്ന സംവിധാനമാണ്. എന്നാൽ ഇപ്പോൾ ആ ജനാധിപത്യ സംവിധാനത്തിനെതിരെ എല്ലാ വശത്തുനിന്നും ആക്രമണം നടക്കുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
“വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവസരം വേണം. 1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യക്ക് അതിവിപുലമായ സാധ്യതകളുണ്ട്. ചൈനയെക്കാൾ ജനസംഖ്യ കൂടുതലാണെങ്കിലും ഇന്ത്യക്ക് തികച്ചും വ്യത്യസ്തമായ, വികേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ സംവിധാനമാണ്. അതാണ് ഇന്ത്യയുടെ ശക്തി,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആത്മീയവും പ്രത്യയശാസ്ത്രപരവുമായ പുരാതന പാരമ്പര്യം ഇന്നത്തെ ലോകത്ത് വളരെ പ്രാധാന്യമുള്ളതാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
തെക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് അദ്ദേഹം കൊളംബിയയിൽ എത്തിയത്. രാഷ്ട്രീയ നേതാക്കളുമായും സർവകലാശാലാ വിദ്യാർത്ഥികളുമായും ബിസിനസ് പ്രതിനിധികളുമായും രാഹുൽ സംവദിച്ചു. കൊളംബിയ സന്ദർശനത്തിന്റെ വീഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടിരുന്നു.
Tag: Rahul Gandhi again criticizes the central government from abroad