Kerala NewsLatest NewsNationalNewsUncategorized

“കാർഷിക മേഖലയെ സുഹൃത്തുക്കൾക്ക് തീറെഴുതാനാണ് മോദിയുടെ ശ്രമം”; കർഷകരെ പിന്തുണച്ച് വയനാട്ടിൽ രാഹുലിന്റെ ട്രാക്ടർ റാലി

കൽപറ്റ: നിരവധി ജനങ്ങളുടെ ഉപജീവനമാർഗമായ കൃഷിയെ തന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് സൗജന്യമായി നൽകാൻ പുതിയ നിയമങ്ങളുണ്ടാക്കി കർഷകരെ ബുദ്ധിമുട്ടിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി. കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് വയനാട്ടിൽ നടത്തിയ ട്രാക്ടർ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ലോകമെമ്പാടുമുള്ളവർ കാണുന്നുണ്ട്. കർഷകരുടെ സാഹചര്യങ്ങളെക്കുറിച്ച് പോപ് താരങ്ങൾ വരെ പ്രതികരിക്കുന്നു. പക്ഷേ ഇന്ത്യൻ സർക്കാരിന് മാത്രം അതിലൊന്നും താൽപര്യമില്ല. നമ്മുടെ സർക്കാർ മാത്രം കർഷകരുടെ വേദന മനസിലാക്കുന്നുമില്ല. ഇന്ത്യയിലെ കാർഷിക സമ്പ്രദായങ്ങളെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ഭാരതമാതാവിന്റേതായിട്ടുള്ളത് കൃഷി മാത്രമാണ്. ബാക്കിയെല്ലാം മറ്റുള്ളവരുടേതാണ്. കുറച്ച് ആളുകൾ ആ കാർഷിക മേഖല കൈക്കലാക്കാൻ ശ്രമിക്കുകയാണ്. അതിന് അവരെ സഹായിക്കുന്നവയാണ് പുതിയ കാർഷിക നിയമങ്ങൾ-രാഹുൽ ഗാന്ധി പറഞ്ഞു.

കേരള സർക്കാരിന്റെ ശുപാർശപ്രകാരമാണ് വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ ബഫർസോൺ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി ഇത് മാറ്റാൻ കേരള സർക്കാർ മുൻ കൈയ്യെടുക്കണമെന്നും ആവശ്യപ്പെട്ടു.

മണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുൽ ഗാന്ധി സ്വയം ട്രാക്ടർ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെസി വേണുഗോപാൽ എം.പിയും ജില്ലയിലെ മുതിർന്ന നേതാക്കളും രാഹുൽ ഗാന്ധിയ്ക്കൊപ്പം റാലിയിൽ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകളുടെ അകമ്പടിയോടെയായിരുന്നു റാലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button