
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി സംഘർഷത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ രാഹുൽ ഗാന്ധി ഏറ്റെടുക്കും. പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ ഈ കുട്ടികളുടെ വിദ്യാഭ്യാസം, ബിരുദം പൂർത്തിയാകുന്നത് വരെ രാഹുൽ ഗാന്ധി പൂർണമായും ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാറയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
വിദ്യാർത്ഥികൾക്ക് പഠനം മുടക്കമില്ലാതെ തുടരാൻ ഈ ആഴ്ച തന്നെ ആദ്യഘട്ട സഹായധനം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ പൂഞ്ച് സന്ദർശിച്ചപ്പോൾ, രാഹുൽ ഗാന്ധി ദുരിതബാധിതരായ കുട്ടികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ പ്രാദേശിക പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ സർവേയ്ക്ക് ശേഷം സർക്കാർ രേഖകൾ പരിശോധിച്ച് കുട്ടികളുടെ പേരുകൾ അന്തിമമാക്കിയിട്ടുണ്ട്.