രണ്ട് ദിവസത്തെ പര്യടനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്.

മലപ്പുറം / തന്റെ മണ്ഡലത്തിൽ രണ്ട് ദിവസത്തെ പര്യടനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി കരിപ്പൂരിലെത്തും. അവിടെ വെച്ച് കോൺഗ്രസ് – ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ വച്ചായിരിക്കും കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുക. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ രാഹുൽ ഗാസിയുമായി കൂടിക്കാഴ്ച്ച നടത്തും.
രാവിലെ 12 മണിക്ക് വണ്ടൂര്‍ ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിയ്ക്കും. വണ്ടൂര്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ 12.30ന് നടക്കുന്ന ചടങ്ങിൽ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തി വിവിധ സ്‌കൂളുകള്‍ക്ക് വാങ്ങി നൽകുന്ന 5 സ്‌കൂള്‍ ബസുകളുടെ താക്കോല്‍ ദാനം രാഹുല്‍ നിർവഹിക്കും.
2 മണിക്ക് മമ്പാടില്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ശേഷം 3 മണിക്ക് രാഹുല്‍ ഗാന്ധി നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സാമഗ്രികള്‍ കൈമാറുന്നതാണ്.