Kerala NewsLatest NewsNews

രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഇന്ന് കല്‍പ്പറ്റയില്‍. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരമാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്.

വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയാറെടുക്കുന്നത്.

പൂതാടിയിലെ കുടുംബശ്രീ സംഘമത്തിലും മേപ്പാടി സ്കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും രാഹുല്‍ പങ്കെടുക്കും. വയനാട് ജില്ലയിലെ സന്ദര്‍ശനത്തിനുശേഷം രണ്ടുമണിയോടെ രാഹുല്‍ മലപ്പുറത്തേക്ക് മടങ്ങും.

അതേസമയം, ആറ് മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകപ്രക്ഷോഭവേദിയിലേക്ക് രാഹുല്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭവേദിയിലേക്ക് ഒരിക്കല്‍പോലും എത്തിയിട്ടില്ല.

“രാഹുല്‍ ഒരിക്കല്‍പോലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സ്ഥലം സന്ദര്‍ശിക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല,” ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രമേശ് ടിക്കായത്ത് പറഞ്ഞിരുന്നു. അന്താരാഷ്ട്രതലത്തില്‍നിന്ന് കര്‍ഷകപ്രക്ഷോഭത്തിന് വലിയ പിന്തുണ ഉണ്ടായപ്പോള്‍ “ഇത് ഞങ്ങളുടെ ആഭ്യന്തരവിഷയമാണ്. ഞങ്ങള്‍ പരിഹരിച്ചുകൊള്ളാം,” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button