രാഹുല്‍ ഗാന്ധിയുടെ വക 175 ടി.വി കൂടി, വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക്.

വയനാടിന്റെ എം പി യും, കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാം തവണയും സ്മാര്‍ട്ട് ടി.വികള്‍ എത്തിച്ചു. 175 സ്മാര്‍ട്ട് ടി.വികളാണ് ഇത്തവണ രാഹുല്‍ ഗാന്ധി നല്‍കിയത്. നേരത്തേ 50 ടിവികള്‍ ആയിരുന്നു രാഹുല്‍ ഗാന്ധി നല്‍കിയിരുന്നത്. രാഹുലിന്റെ 50ാം പിറന്നാള്‍ ദിനമായ ജൂണ്‍ 19 നാണ് 50 ടിവികള്‍ രാഹുല്‍ ഗാന്ധി ആദ്യം നല്‍കുന്നത്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ പുതിയ അദ്ധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാവുന്നില്ലെന്ന പരാതി പലയിടങ്ങളില്‍ നിന്നായി ഉയരുന്നതിനിടെ ആദിമേഖലയിലുൾപ്പടെ കുട്ടികൾക്ക് പഠനോപകരണങ്ങളുടെ ലഭ്യത കുറവും ചർച്ചയായിരുന്നു. വീട്ടില്‍ ടിവി, മൊബൈല്‍ഫോണ്‍ സൗകര്യങ്ങള്‍ ഇല്ലാതെയും മറ്റ് സാങ്കേതികതടസ്സങ്ങള്‍ മൂലവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത അനുഭവവുമായി കുട്ടികള്‍ രംഗത്തുവരുകയുമുണ്ടായി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ മലപ്പുറം ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്തതും കഴിഞ്ഞ മാസമാണ്. ഈ സംഭവത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ടി.വി നല്‍കാമെന്ന ഉറപ്പുമായി രാഹുല്‍ഗാന്ധി രംഗത്തുവരുന്നത്. വീട്ടില്‍ ടി.വിയും ഫോണും ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ടി.വി വാങ്ങി നല്‍കിയിരിക്കുന്നത്.