ബിഹാറിൽ വീണ്ടും സജീവമായി രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും വോട്ട് തട്ടിപ്പിനുമെതിരെ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാർ യാത്ര’ ബിഹാറിൽ വീണ്ടും ആരംഭിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഇടവേളയെടുത്തിരുന്ന യാത്രയാണ് ഇപ്പോൾ പുനരാരംഭിച്ചത്.
ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ചന്ദൻ ബാഗ് ചൗക്കിൽ നിന്നാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം രാഹുൽ ഗാന്ധിയും യാത്രയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ യാത്ര. വോട്ടവകാശം സംരക്ഷിക്കുകയും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം. 16 ദിവസത്തിനുള്ളിൽ 30 മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ പിന്നിടാനാണ് പദ്ധതി. യാത്രക്ക് ഇതിനകം തന്നെ സംസ്ഥാനത്ത് വലിയ ജനപിന്തുണ ലഭിക്കുന്നു.
യാത്രയുടെ തുടക്കത്തിൽ തന്നെ തേജസ്വി യാദവ് ബിജെപിയെ ശക്തമായി വിമർശിച്ചു. രാഷ്ട്രീയ എതിരാളികളുടെ വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ജനങ്ങളുടെ മൗലികാവകാശത്തെ നേരിട്ട് ആക്രമിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ നേരിടുകയാണ്.
സെപ്റ്റംബർ 1-ന് പട്നയിൽ നടക്കുന്ന മഹാരാലിയോടെയാണ് ‘വോട്ട് അധികാർ യാത്ര’ സമാപിക്കുക. ഇന്ന് വൈകുന്നേരം 7:30-ന് ഭഗൽപൂരിൽ പൊതുസമ്മേളനത്തോടെ ഇന്നത്തെ പരിപാടികൾ അവസാനിക്കും.
Tag: Rahul Gandhi’s ‘Voting Adhikar Yatra’ is active again in Bihar