പ്രതിപക്ഷ നേതാവിന് മുന്നേ സമരവേദി വിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; പിന്നീട് മടങ്ങിയെത്തി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തുന്നതിന് മുൻപ് ആശാ പ്രവർത്തകരുടെ സമരവേദിയിൽ നിന്ന് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ മടങ്ങി. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് നടന്ന സമര പ്രതിജ്ഞാ റാലിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവിനായിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുല്‍ സതീശൻ എത്തുന്നതിനുമുന്‍പ് വേദിവിട്ടു. പിന്നീട് സതീശൻ വേദി വിട്ടതിനു പിന്നാലെ രാഹുല്‍ വീണ്ടും മടങ്ങിയെത്തി.
“ആശാ പ്രവർത്തകരുടെ സമരം എനിക്ക് വളരെ വൈകാരികമായ വിഷയം ആണ്. എംഎൽഎയായ ശേഷം നിയമസഭയിൽ ഞാൻ അവതരിപ്പിച്ച ആദ്യ അടിയന്തര പ്രമേയം ആശാ പ്രവർത്തകരെക്കുറിച്ചായിരുന്നു,” എന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. “ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ലഭിക്കുന്നില്ല,” എന്നും അദ്ദേഹം വിമർശിച്ചു. പ്രസ്താവനയ്ക്കുശേഷം അദ്ദേഹം വേദി വിട്ടു, അതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് എത്തിയതും.
സമരവേദിയിലെ പ്രസംഗത്തിൽ വി.ഡി. സതീശൻ പറഞ്ഞു: “യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ പ്രവർത്തകരുടെ ആവശ്യത്തിൽ തീരുമാനം എടുക്കും. കഴിഞ്ഞ ദിവസം ലഭിച്ച 33 രൂപ നക്കാപ്പിച്ച കിട്ടിയതാണ് ആശാ പ്രവർത്തകർക്ക് വേതനം എന്നു സർക്കാർ വിചാരിക്കുന്നുണ്ടോ? ഈ സമരം ഇനി സംസ്ഥാനമൊട്ടാകെ വ്യാപിക്കും.” സതീശൻ സമരവേദിയിൽ ആശമാരുടെ തുടർ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മടങ്ങി.
സതീശൻ വേദി വിട്ടതിന് ശേഷം മടങ്ങിയെത്തിയ രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു: “ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലായിരുന്നപ്പോഴാണ് ‘സമരവേദിയിൽ നിന്ന് ആശാമാർ ഇറക്കിവിട്ടു’ എന്ന വാർത്ത കണ്ടത്. അതിനാലാണ് തിരിച്ചെത്തിയത്. എന്നെ ആരും ഇറക്കിവിട്ടിട്ടില്ല. ഇത് എന്റെ അമ്മമാരുടെ സമരമാണ്. അമ്മമാർ ഇറക്കിവിട്ടാലും പോകില്ല,” എന്നും രാഹുല്‍ പറഞ്ഞു.
Tag: Rahul leaves protest stage ahead of opposition leader; returns later



