രാഹുല്‍ ജീവിക്കുന്നത് സ്വപ്‌നലോകത്ത്: പ്രശാന്ത് കിഷോര്‍
പനാജി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനായ രാഹുല്‍ ഗാന്ധി സ്വപ്‌നലോകത്ത് ജീവിക്കുന്ന വ്യക്തിയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ (ഐപിസി) പ്രശാന്ത് കിഷോര്‍ ഗോവ സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തി ക്ഷയിക്കുന്നതുവരെയാവും ബിജെപിയുടെ ശക്തിയെന്നാണ് രാഹുല്‍ വിചാരിക്കുന്നത്.
എന്നാല്‍ അതല്ല, മറിച്ച് വരും ദശകങ്ങളിലും ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യ ശക്തിയായിത്തന്നെ നിലനില്‍ക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. രാഹുലിന്റെ ചിന്താഗതി തന്നെയാണ് ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും വച്ചുപുലര്‍ത്തുന്നത്. ബിജെപിയെക്കുറിച്ച് ഒന്നുമറിയാത്തതുകൊണ്ടാണ് ഇത്തരം വീക്ഷണങ്ങളുമായി കോണ്‍ഗ്രസുകാര്‍ മുന്നോട്ടു പോകുന്നത്.
അതുതന്നെയാണ് പാര്‍ട്ടിയുടെ അപചയത്തിനു കാരണമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകളോളം ബിജെപിയുമായി ഇന്ത്യയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോരാടേണ്ടിവരുമെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.