”രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ തീരുമാനം പ്രധാനപ്പെട്ട ചുവടാണ്, ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണം സത്യസന്ധമല്ല”- ഷാഫി പറമ്പിൽ എം.പി
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ തീരുമാനം പ്രധാനപ്പെട്ട ചുവടെന്ന് ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കി. ഒരു കോടതിവിധിയോ എഫ്ഐആറോ വരുന്നതിന് മുൻപ് തന്നെ രാജിയ്ക്കുള്ള തയ്യാറെടുപ്പിനെ കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിക്കുകയും, പാർട്ടിയുമായി ആലോചിച്ച ശേഷമാണ് രാജി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“ഇതു സംബന്ധിച്ച ഒരു പരാതിയും വന്നിട്ടില്ല. ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണം സത്യസന്ധമല്ല,” എന്ന് ഷാഫി വടകരയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.“സിപിഎം നേതാക്കൾ ആയിരുന്നുവെങ്കിൽ, ഈ രാജിയെ ‘ധാർമികതയുടെ മാതൃക’ എന്ന് വിളിച്ചേനേ. എഫ്ഐആറില്ലാത്ത രാജി, പരാതിയില്ലാത്ത രാജി, കേസില്ലാത്ത രാജി— അതാണ് കോൺഗ്രസ് സ്വീകരിച്ച നടപടിയുടെ മഹത്ത്വം,” എന്നും ഷാഫി കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷം പാർട്ടി എന്താണ് ചെയ്തത് എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം കോൺഗ്രസിനെ വിമർശിക്കുന്ന എം.വി. ഗോവിന്ദന്റെ പ്രതികരണങ്ങൾ ജനങ്ങൾ തന്നെ വിലയിരുത്തുമെന്നും പറഞ്ഞു. “കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാനാണ് ശ്രമം. എന്നാൽ, ധാർമികത പ്രശ്നമാണെങ്കിൽ, രാഹുലിന്റെ രാജി തന്നെ അതിന്റെ തെളിവാണ്. കോൺഗ്രസ് പ്രവർത്തകരെ നിർവീര്യമാക്കാനോ സമരങ്ങളെ അടിച്ചമർത്താനോ കഴിയില്ല,” എന്നും ഷാഫി വ്യക്തമാക്കി.
Tag: “Rahul Mangkootattil’s decision to resign is an important step, the campaign of absconding is not honest” – Shafi Parambil MP