കെഎസ്‌ആര്‍ടിസിയിലെ 100 കോടി കാണാതായ സംഭവം; കേസ് എടുക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ 100 കോടി കാണാതായെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ കേസ് എടുക്കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസെടുക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഹര്‍ജിക്കാരന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പ്.
ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. കോര്‍പറേഷനില്‍ 100 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍. കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ശാസ്തമംഗലം സ്വദേശി ജുഡ് ജോസഫാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കോര്‍പറേഷനില്‍ 2012-15 കാലയളവില്‍ 100 കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹര്‍ജിയിലെ ആരോപണം. പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.