ട്രെയിൻ പാഞ്ഞടുക്കുന്ന ട്രാക്കിലേക്ക് വീണ് കുഞ്ഞ്, ജീവൻ പണയപ്പെടുത്തി രക്ഷകനായി ജീവനക്കാരൻ; അഭിനന്ദനവുമായി റെയില്‍വേ മന്ത്രി
ചില സന്ദർഭങ്ങളിൽ മനുഷ്യന്റെ ഇടപെടലുകൾ എത്ര വലിയ വിപത്തുകളാണ് നിസാരമായി മാറ്റികളയുന്നത്. അത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മുംബൈയിലെ വംഗാനി റെയിൽവേ സ്റ്റേഷൻ. ഒരു റെയിൽവേ ജീവനക്കാരന്റെ ആത്മധൈര്യം ഒന്നുകൊണ്ടുമാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഒരു കുഞ്ഞിന്റെ ജീവനാണ്.
റെയിൽവേ ട്രാക്കിൽ വീണ കുഞ്ഞിനെ സെക്കൻഡുകൾക്കുള്ളിൽ സ്വന്തം ജീവൻ പണയം വെച്ചാണ് മയൂർ ഷെൽക്കെ എന്ന ജീവനക്കാരൻ രക്ഷിച്ചത്. അമ്മയ്‌ക്കൊപ്പം പ്ലാറ്റ്‌ഫോമിൽ നടന്നിരുന്ന കുട്ടി തെന്നിമാറി ട്രെയിൻ വേഗത്തിൽ വന്നുകൊണ്ടിരുന്ന ട്രാക്കിലേക്ക് വീണു. കുഞ്ഞു വീണതും അലറിവിളിച്ച് നിലത്തുവീണുപോയ അമ്മയ്ക്ക് മറ്റൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.
ആ നിമിഷം പോയിന്റ്മാനായ മയൂർ ഷെൽക്കെ കുട്ടിയെ രക്ഷിക്കാൻ ട്രാക്കിലേക്ക് ചാടി ഇറങ്ങി. സ്വന്തം ജീവൻ നോക്കാതെ കുട്ടിയെ വേഗത്തിൽ ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് അദ്ദേഹം കയറ്റി. അടുത്തുവരുന്ന ട്രെയിൻ കടന്നുപോകുന്നതിനുമുമ്പ് ഷെൽക്കെ സ്വയം പ്ലാറ്റ്ഫോമിലേക്ക് കയറുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധനേടിയതോടെ കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഈ ധീരമായ പ്രവർത്തനത്തിന് പോയിന്റ്മാൻ മയൂർ ഷെൽക്കയെ അഭിനന്ദിച്ചു. ഷെൽക്കെയെ പ്രശംസിച്ചുകൊണ്ട് ഗോയൽ ട്വിറ്ററിൽ കുറിച്ചു, ‘മുംബൈയിലെ വംഗാനി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള റെയിൽവേമാൻ മയൂർ ഷെൽക്കെയെക്കുറിച്ച് വളരെ അഭിമാനിക്കുന്നു, അസാധാരണവും ധീരവുമായി സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കുട്ടിയുടെ ജീവൻ അദ്ദേഹം രക്ഷിച്ചു’. നിരവധി ആളുകളാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.