തുലാവര്‍ഷം അടുത്തയാഴ്ച; ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർകോട് ജില്ലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴ ശക്‌തമായിരിക്കുകയില്ലെന്ന് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകാലാശാല റഡാർ ഗവേഷണ കേന്ദ്രം (കുസാറ്റ്)അറിയിച്ചു.
മൂന്നു ദിവസം കൂടി ഭേദപ്പെട്ട മഴതുടരും. ന്യൂനമർദം നാളെ ആന്ധ്രാ തീരത്ത് എത്തുമെന്ന് കേന്ദ്രകാലാവസ്‌ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 14 ന് വടക്കൻ ആൻഡമാൻ കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപമെടുക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാൽ ഇതിന്റെ ശക്‌തി എത്രമാത്രമെന്ന് ഇപ്പോൾ വിലയിരുത്താനാകില്ലെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
തുലാവർഷം ഇക്കുറി ഒക്‌ടോബർ മൂന്നാംവാരത്തോടെ കേരളത്തിലെത്തുമെന്ന് കുസാറ്റ് കാലാവസ്ഥാ ഗവേഷകർ സൂചിപ്പിച്ചു. 18നും 24നും ഇടയിൽ തുലാവർഷമെത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞവർഷത്തെപ്പോലെ ശക്‌തമായ തുലാവർഷത്തിനു സാധ്യതയില്ല. പോയവർഷം അറബിക്കടലിൽ അപ്രതീക്ഷിതമായുണ്ടായ ന്യൂനമർദങ്ങളാണ് തുലാവർഷത്തെ ശക്‌തമാക്കിയത്. ഇക്കുറി അതിനുള്ള സാധ്യത വിരളമാണെന്നാണു വിലയിരുത്തൽ.