സ്ത്രീധനം; ഒറ്റയ്ക്കല്ല, കൈകോര്‍ക്കുന്നു കേരളപോലീസും.. വരുന്നു പിങ്ക് ജനമൈത്രി ബീറ്റ്
സ്ത്രീധനം അതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് .2 ആഴ്ചകളുടെ വ്യത്യാസത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ജീവനും ജീവിതവുമില്ലാതായ വാര്‍ത്തകള്‍ നമ്മകള്‍ കേട്ടു .എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ? തീര്‍ച്ചയായും ചിന്തിക്കേണ്ട കാര്യമാണിത് .അതുകൊണ്ട് തന്നെ അധികാരികളും ചിന്തിച്ചു തുടങ്ങി .അതിന്റെ ഭാഗമായി സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പൊലീസ്.
പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാനാണു പദ്ധതി. ഈ സംവിധാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പീഡനങ്ങള്‍ മുന്‍കൂട്ടി കണ്ടു തടയുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
വീടുകള്‍തോറും സഞ്ചരിച്ചു ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണു പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റു നാട്ടുകാര്‍ എന്നിവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് കൈമാറാന്‍ നിര്‍ദേശമുണ്ട്. ഇനി മുതല്‍ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളിലും സ്‌കൂള്‍, കോളജ്, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും സാന്നിധ്യമുറപ്പിക്കും.
ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച മുതല്‍ നമ്മുടെ നിരത്തുകളിലുണ്ടാകും ..