ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു; പഞ്ചാബിൽ 37 പേർ മരിച്ചു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. പഞ്ചാബിൽ മാത്രം വെള്ളപ്പൊക്കത്തെ തുടർന്ന് ഇതുവരെ 37 പേർ മരിച്ചു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാനത്തിന് കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് ഉറപ്പു നൽകി.
ഹിമാചൽപ്രദേശിലെ കുളുവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ആറുപേരെ തേടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ജമ്മു കശ്മീരിലെ ത്സലം നദിയിൽ ബണ്ടിൽ വിള്ളൽ സംഭവിച്ചതിനെ തുടർന്ന് മൂന്ന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
ഗ്രാമവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ് തുടരുന്നത്. സമീപപ്രദേശങ്ങളിൽ വെള്ളം കയറിച്ചതോടെ പതിനായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
കനത്ത മഴയെ തുടർന്ന് പഞ്ചാബിലും ഹിമാചൽപ്രദേശിലും ഈ മാസം ഏഴ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
Tag: Rains continue to lash northern Indian states; 37 dead in Punjab