പെട്ടിമുടി 5 മൃതദേഹങ്ങൾ കൂടികണ്ടെത്തി,മരിച്ചവരുടെ എണ്ണം 48 ആയി.

രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 48 ആയി. പെട്ടിമുടിയിൽ തിങ്കളാഴ്ച 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി.
വിനോദിനി 14,രാജ ലക്ഷ്മി 12, പ്രതീഷ് 32, വലുത്തായി 58,എന്നിവരുടെയും, തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണപ്പെട്ടവരുടെ എണ്ണം 48 ആയിട്ടുള്ളതായാണ് ഔദ്യോഗികമായി അറിയിച്ചത്. ഇനി 23 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന സേന, പൊലീസ് എന്നിവർ രംഗത്തുണ്ട്. പെട്ടിമുടി ആറിന്റെ ഇരുവശമുള്ള 16 കിലോമീറ്ററിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ആഗസ്ത് 7 നാണ് കേരളത്തെ ഒന്നടങ്കം നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പ്പെടുന്നത്. പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും ഉരുൾപൊട്ടി ഒഴുകിയെത്തിയ മണ്ണിന്റെയും പാറക്കൂട്ടങ്ങളുടെയും അടിയിലാവുകയായിരുന്നു. ഇവിടെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര് രക്ഷപ്പെട്ടു.
വൈദ്യുതി മന്ത്രി എം.എം മണി,റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം തൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.



