പുതിയ വീടും ജോലിയും എവിടെ? കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത രാജൻ അമ്പിളി ദമ്പതികളുടെ മക്കളോട് വാക്കു പാലിക്കാതെ കേരളാ സർക്കാർ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജൻറെയും അമ്പിളിയുടേയും മക്കളോട് വാക്കു പാലിക്കാതെ കേരളാ സർക്കാർ. ദമ്പതികളുടെ മരണം നടന്ന് നാല് മാസം കഴിഞ്ഞിട്ടും പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.
രാജൻ അമ്പിളി ദമ്പതികളുടെ മക്കൾക്ക് ഭൂമിയും വീടും ജോലിയുമായിരുന്നു സർക്കാർ വാഗ്ദാനം. മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ അറിയിച്ചിരുന്നത്. പക്ഷേ ഇതുവരെ ജോലിയുടെ കാര്യത്തിൽ തീരുമാനമായില്ല. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് വരുമാനവുമി ല്ലതെ പ്രതിസന്ധിയിലാണ് കുട്ടികളിപ്പോൾ.
അച്ഛനേയും അമ്മയേയും അടക്കം ചെയ്ത ഭൂമിയിൽ തന്നെ വീട് വേണമെന്നാണ് കുട്ടികളുടെ ആവശ്യം. എന്നാൽ കുട്ടികൾ ഇപ്പോൾ താമസിക്കുന്ന ഭൂമി സംബന്ധിച്ചുള്ള തർക്കം കോടതിലിൽ നിലനിൽക്കുന്നത് കൊണ്ട് ആണ് ഭൂമി വിട്ടുകൊടുക്കാൻ കഴിയാത്തതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിശദ്ധീകരണം. അതേ സമയം ബാങ്കിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് നിയമനം വൈകുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ ജോലിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും എംഎൽഎ ആൻസൻ അറിയിച്ചു.
അയൽവാസി വസന്ത കൈവശം വച്ചിരിക്കുന്നത് മിച്ച ഭൂമിയെന്ന് ആരോപിച്ചാണ് രാജനും കുടുബവും കുടിൽ കെട്ടിയിരുന്നത്. ഇത് ഒഴിപ്പിക്കാനായി പൊലീസ് എത്തിയപ്പോഴായിരുന്നു ആത്മഹത്യ. എന്നാൽ വസന്ത വിലകൊടുത്തു വാങ്ങിയ മിച്ച ഭൂമി കൈമാറ്റം ചെയ്യാൻ പറ്റാത്ത ഭൂമിയാണെന്നായിരുന്നു റവന്യൂവകുപ്പിൻറെ അന്വേഷണത്തിലെ കണ്ടെത്തൽ.