‘രജനീ മക്കള്‍ മണ്‍ട്രം’ പിരിച്ചുവിട്ടതായി രജനീകാന്ത്; ഇനി രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന്

ചെന്നൈ: ഭാവിയില്‍ ഇനി രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് തമിഴ്‌സൂപ്പര്‍ താരം രജനീകാന്ത് തിങ്കഴാഴ്ച മാധ്യമങ്ങളോട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രവേശനത്തിന്‍റെ ഭാഗമായി രൂപീകരിച്ച രജനീ മക്കള്‍ മണ്‍ട്രം പിരിച്ചുവിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ രജനീകാന്ത് വീണ്ടും തമിഴക രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി പോയി തിരിച്ചെത്തിയ അദ്ദേഹം രജനീ മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കള്‍ മണ്‍ട്ര’ത്തിന്‍റെ ഭാവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുയരുന്ന ആശങ്ക ദൂരീകരിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയായിരുന്നു വിശദമായ വാര്‍ത്താക്കുറിപ്പ് താരം പുറത്തിറക്കിയത്. ചില സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കള്‍ മണ്‍ട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ എന്താണ് ആ സാഹചര്യങ്ങളെന്തെന്ന് അദ്ദേഹം വിശദീകരിച്ചില്ല.