ഒടുവില്‍ രാജസ്ഥാനും പെട്രോള്‍ വില കുറയ്ക്കുന്നു; കേരളം കടുംപിടിത്തം തുടരുന്നു
ന്യൂഡല്‍ഹി: കേന്ദ്രത്തിനോടുള്ള പിടിവാശി ഉപേക്ഷിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. പഞ്ചാബിന് പിന്നാലെ പെട്രോള്‍- ഡീസല്‍ നികുതി കുറയ്ക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍. അയല്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നതിനാല്‍ രാജസ്ഥാനിലും ഇന്ധന നികുതി കുറയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറച്ച് എത്തിയിരിക്കുന്നത്. ജോധ്പൂരിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു അശോക് ഗെഹ്‌ലോട്ടിന്റെ പ്രഖ്യാപനം. കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി കുറയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം എത്രരൂപയാണ് കുറയ്ക്കുകയെന്ന് ഗെഹ്‌ലോട്ട് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ഇന്ധന വിലയുടെ പട്ടികയില്‍ മുന്‍നിരയിലാണ് രാജസ്ഥാന്‍. പെട്രോളിന് 111 രൂപയും ഡിസലിന് 95 രൂപയുമാണ് രാജസ്ഥാനിലുള്ളത്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചിട്ടും മൂല്യ വര്‍ധിത നികുതി കുറയ്ക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറച്ചതിന് പിന്നാലെയുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജസ്ഥാനും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നത്.
എന്നാല്‍ കേരളം നികുതി കുറയ്ക്കില്ലെന്ന നിലപാട് കടുപ്പിച്ച് മുന്നോട്ടു പോവുകയാണ്. തമിഴ്‌നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ വാഹനങ്ങള്‍ കേരളത്തിലെ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് മാഹിയെയാണ്. ഇത് കേരളത്തിന് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതരസംസ്ഥാന വാഹനങ്ങള്‍ മിക്കവയും കേരളത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ മടിക്കുകയാണ്.
എന്നാല്‍ കേന്ദ്രം നികുതി കുറച്ചിട്ടും കേരളത്തില്‍ കുറയ്ക്കാത്തതിനാല്‍ ഖജനാവിലേക്ക് വന്‍ മുതല്‍ക്കൂട്ടാവുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് കേരളം നികുതിയായി ഈടാക്കുന്നത് 25.24 രൂപയും ഡീസലിന് 17.99 രൂപയുമാണ്. ഇതിലൂടെ ഒരുദിവസം കേരളം വാരിക്കൂട്ടുന്നത് 24 കോടി രൂപയിലധികമാണ്. മദ്യവും ലോട്ടറിയും കഴിഞ്ഞാല്‍ കേരളത്തിലെ ഖജനാവിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ഇന്ധനത്തിന് ഈടാക്കുന്ന മൂല്യവര്‍ധിത നികുതിയിലൂടെയാണ്.