രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ തീയേറ്ററുകളിൽ എത്തി. ആദ്യ ഷോ കഴിയുമ്പോഴേക്കും പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകിയത്. മാസ് സ്റ്റൈലിഷ് മോഡിൽ ‘തലൈവർ’ രജനിയെ സ്‌ക്രീനിൽ എത്തിക്കാൻ ലോകേഷിന് പൂർണമായും കഴിഞ്ഞുവെന്നത് ആരാധകർ ഏകകണ്ഠമായി പറയുന്നു.
എന്നാൽ, സിനിമ മികച്ചതാണെങ്കിലും ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിന്റെ നിലവാരത്തിലെത്തിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. രജിനികാന്ത് ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തുന്നുവെങ്കിലും, ലോകേഷ് ആരാധകർക്ക് പ്രതീക്ഷിച്ചത്ര തൃപ്തി നൽകിയില്ലെന്ന റിപ്പോർട്ടുകളുമുണ്ട്.
നാഗാർജുനയുടെയും സൗബിൻ ഷാഹിറിന്റെയും പ്രകടനം പ്രത്യേകിച്ച് പ്രശംസിക്കപ്പെടുന്നു. സൗബിന്റെ ഇൻട്രോ രംഗം പോലും ആരാധകരെ ആവേശത്തിലാക്കി. ആദ്യ പകുതി പൂർത്തിയായപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചെങ്കിലും, രണ്ടാം പകുതി നിരാശപ്പെടുത്തിയതായി ചിലർ പറയുന്നു. കഥയുടെ ശക്തിയേക്കാൾ കൂടുതൽ കഥാപാത്രങ്ങളുടെ വരവ് പ്രാധാന്യം നേടിയെന്നതും വിമർശനങ്ങളിൽ ഉൾപ്പെടുന്നു.
മാസ് മോഡിൽ രജനിയെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ലോകേഷിന് സാധിച്ചു. അനിരുദ്ധിന്റെ ബിജിഎം കൂടി എത്തിയപ്പോൾ സ്ക്രീൻ ആവേശഭരിതമായി. ആദ്യ പകുതിയിൽ ആ ആവേശം നിറഞ്ഞുവെങ്കിലും, ചിലർ പ്രതീക്ഷിച്ച പഞ്ച് ലഭിച്ചില്ലെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, ആരാധകരുടെ പക്ഷം വ്യക്തമാണ് — “തലൈവർ ഈസ് ബാക്ക്!”
Tag: Rajinikanth’s ‘Coolie’ in theaters; First show gets good response