ആവേശത്തോടെ ആരാധകർ, രജനികാന്ത് ചിത്രം ‘കൂലി’; ടിക്കറ്റ് നിരക്ക് 4500 രൂപ വരെ…!
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൂലി’. ഓഗസ്റ്റ് 14ന് കൂലി റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുമ്പോൾ, ഇപ്പോൾ ചര്‍ച്ചയാകുന്നത് ടിക്കറ്റ് നിരക്കുകളാണ്. ചെന്നൈയിൽ ആദ്യ ദിനത്തിന്റെ ഫസ്റ്റ്-ഡേ ഫസ്റ്റ്-ഷോ (FDFS) ടിക്കറ്റുകൾ ബ്ലാക്കിൽ 4,500 രൂപ വരെ വിലയ്ക്ക് വിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമിതവില കാരണം സാധാരണ പ്രേക്ഷകർക്ക് സിനിമ കാണാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.
തമിഴ്നാട്ടിലേത് മാത്രമല്ല, ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും പല ഇടങ്ങളിലും കൂലിയ്ക്ക് വൻ ബുക്കിംഗാണ്. ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിൽ FDFS ടിക്കറ്റുകൾ അമിത വിലയ്ക്ക് വിറ്റഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഒരു പ്രമുഖ തിയേറ്ററിൽ 4,500 രൂപയ്ക്ക് ടിക്കറ്റ് വിൽക്കുന്നുവെന്ന് പേരൊന്നും പറയാത്ത ഒരു ജീവനക്കാരൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പൊള്ളാച്ചിയിൽ 400 രൂപയ്ക്ക് ടിക്കറ്റ് വിറ്റഴിക്കുന്നതും ക്യാമറയിൽ പകർത്തപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തമിഴ്നാട് സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമാണ്.
തമിഴ്നാട് സർക്കാർ പുലർച്ചെ ഷോകൾക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന്, ആരാധകർ അയൽ സംസ്ഥാനങ്ങളിലേക്ക് പോയി സിനിമ കാണുകയാണ്. കേരളത്തിലും കര്‍ണാടകയിലും രാവിലെ 6 മണിയ്ക്കുള്ള ഷോകളുടെ ടിക്കറ്റ് വിൽപ്പന മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ ചില സിംഗിൾ സ്ക്രീനുകളിൽ ടിക്കറ്റുകൾക്ക് 2,000 രൂപ വരെ വിലയുണ്ട്. മറുവശത്ത്, മുംബൈയിൽ ടിക്കറ്റിന്റെ നിരക്ക് 250 മുതൽ 500 രൂപ വരെയാണ്.
ആദ്യ ദിനം തന്നെ കൂലി 150 കോടി രൂപ കടക്കും എന്നാണ് ട്രേഡ് വിദഗ്ധരുടെ വിലയിരുത്തൽ. 74-ാം വയസ്സിലും രജനികാന്തിന്റെ താരശക്തി ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഇതിലൂടെ തെളിയിക്കുന്നു.
Tag: Rajinikanth’s film kooli; Ticket price up to Rs 4500