ഭർത്താവ് ഭാര്യയെ വീട്ടിൽ പൂട്ടിയിട്ട് ഗേറ്റ് വെൽഡ് ചെയ്തു; പൊലീസ് എത്തി മോചിപ്പിച്ചു.

കോട്ടയം / കുടുംബ കലഹത്തിനിടെ വീട്ടമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ഭർത്താവ് പുറത്തിറങ്ങാതിരിക്കാൻ ഗേറ്റ് വെൽഡ് ചെയ്ത സംഭവം വിവാദമായി. വീട്ടിൽ കുടുങ്ങിയ വീട്ടമ്മ പഞ്ചായത്ത് മെമ്പറെ ഫോൺ വഴി വിളിച്ച് വരുത്തി. സംഭവം പഞ്ചായത്ത് മെമ്പർ അറിയിച്ചതോടെ പൊലീസെത്തി വീട്ടമ്മയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവിനെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇളംകാട് കൊടുങ്ങ വയലിൽ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോൺ വിളിച്ചു അറിയിക്കുന്നത്. സിന്ധു പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോനെ ഉടൻ വിവരം അറിയിച്ചു. തുടർന്ന് കലക്ടറും പൊലീസും വിവരമറിഞ്ഞു. തുടർന്നാണ് പൊലീസെത്തി ജെസിയെ മോചിപ്പിക്കുന്നത്. പോലീസ് എത്തുമ്പോൾ വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നു. ഭർത്താവും മകനും വീടിന്റെ മുകൾ നിലയിൽ ഉണ്ടായിരുന്നു. രണ്ട് നിലയുള്ള വീട്ടിൽ ജെസി താഴത്തെ നിലയിലും ഭർത്താവും മകനും മുകളിലുള്ള നിലയിലും പ്രത്യേകം, പ്രത്യേകം ആണ് താമസം. ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ ആണ് കസ്റ്റഡിയിൽ എടുക്കുന്നത്.