ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ ചർച്ചയായില്ല. ചർച്ചയ്ക്കായി നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭ ഉപാധ്യക്ഷൻ തള്ളുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുകയും സഭ രണ്ട് മണിവരെ പിരിയുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള നാല് പ്രതിപക്ഷ എംപിമാരാണ് നോട്ടീസ് സമർപ്പിച്ചിരുന്നത്, എന്നാൽ എല്ലാം തള്ളിക്കളഞ്ഞു.
പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ സംയുക്തമായി പ്രതിഷേധം നടത്തി. സഭാ സമ്മേളനത്തിന് മുമ്പ് യുഡിഎഫ് എംപിമാർ സഭാ കവാടത്തിൽ മുദ്രാവാക്യം മുഴക്കിയും ധർണ നടത്തിയുമാണ് പ്രതിഷേധം ശക്തമാക്കിയത്.
കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. യുഡിഎഫ് എംപിമാരുടെ സംഘം ഇതിനകം റായ്പൂരിലെത്തി. സിപിഐഎം നേതാവ് ബൃന്ദ കാരാട്ടും എൽഡിഎഫ് എംപിമാരും ഛത്തീസ്ഗഡിലേക്ക് പോകുന്നുണ്ട്.
അതേസമയം, ബജ്റംഗ്ദൾ ഉയർത്തിയ ആരോപണങ്ങൾ തകർന്നുവീഴുകയാണ്. മാതാപിതാക്കളുടെ അനുമതിയോടെയാണു താനും മറ്റ് കുട്ടികളും കന്യാസ്ത്രീകളോടൊപ്പം യാത്ര ചെയ്തതെന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Tag: Rajya Sabha rejects urgent motion notices on nuns’ arrest issue