ഒന്നിച്ചുള്ള ചിത്രങ്ങള്‍ മരിക്കും മുൻപ് പുറത്തുവിട്ട് രാഖിൽ: മാനസയെ ബ്ളാക്ക് മെയിലിന് ശ്രമിച്ചതായി സംശയം
കണ്ണൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ രണ്ട് വര്‍ഷം മുന്‍പാണ് മാനസയും രാഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനം പൂര്‍ത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രാഖില്‍ പറഞ്ഞത്. പല കള്ളത്തരങ്ങളും പറഞ്ഞായിരുന്നു രാഖില്‍ മാനസയോട് അടുത്തിരുന്നത്. താന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് മനസ്സിലായ മാനസ പിന്നീട് രാഖിലുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറാന് ശ്രമിച്ചു. ഇത് രാഖിലിനെ ചൊടിപ്പിച്ചു. പിന്നീട് നടത്തിയത് എങ്ങനെയെങ്കിലും മാനസയെ കൊലപ്പെടുത്തണം എന്ന പദ്ധതിയായിരുന്നു.
ഇതിനായി തോക്ക് സംഘടിപ്പിച്ചു. തോക്കില്‍നിന്ന് തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണാണ് മാനസ മരിച്ചത്. തൊട്ടുപിന്നാലെ രാഖിലും ജീവിതം അവസാനിപ്പിച്ചു. മരണത്തിലും അവളെ വെറുതെ വിടാതെയാണ് രാഖില്‍ പദ്ധതിയിട്ടത്. മാനസയുടെ കൂടെ ഒരുമിച്ചുണ്ടായിരുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തശേഷമായിരുന്നു മാനസയെ കൊലപ്പെടുത്താന്‍ രാഖില്‍ പദ്ധതിയിട്ടത്. തങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലാണെന്ന് സമൂഹത്തിനു മുന്പില് തുറന്നു കാണിക്കാന്‍ രാഖില്‍ കൃത്യമായി ആസൂത്രണം ചെയ്ത് പഴയ ഫോട്ടോ എടുത്ത് എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലിന്റെ റിവ്വ്യൂ ആയി പബ്ലിഷ് ചെയ്യുകയായിരുന്നു. മാനസയെ ബ്ളാക്ക് മെയിലിന് ശ്രമിച്ചതായി സംശയം.
ഫോട്ടോയിലുള്ളത് മാനസ തന്നെയാണെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിക്കുന്നു. പക്ഷേ, ഈ ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് കാര്യത്തില്‍ ഉറപ്പില്ല. മാനസയും രാഖിലും അടുപ്പത്തിലായിരുന്നുവെന്നാണ് രാഖിലിന്റെ സുഹൃത്ത് പോലീസിനോട് വ്യക്തമാക്കിയത്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കും.