വാജ്പേയി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല, അറസ്റ്റിലായപ്പോള്‍ മാപ്പപേക്ഷ നല്‍കി രക്ഷപ്പെട്ടു

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നുവെന്ന ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ.ബി വാജ്പേയിയുടെ അവകാശവാദത്തിനെതിരെ വെളിപ്പെടുത്തലുമായി പ്രമുഖ ചരിത്ര പണ്ഡിതനും ബോംബെ ഐ.ഐ.ടി മുന്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറുമായ രാം പുനിയാനി. താനും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നുവെന്ന വാജ്പേയിയുടെ വാദം പാതി മാത്രം ശരിയാണെന്നും ഒരു സമരത്തിന്‍റെ ഭാഗമായി അറസ്റ്റിലായപ്പോള്‍ മാപ്പപേക്ഷ നല്‍കി രക്ഷപ്പെടുകയായിരുന്നുവെന്നും രാംപുനിയാനി മദ്രാസ് കൊറിയറില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യ സമരത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) പങ്കാളിത്തം അവകാശപ്പെടാറുണ്ടെങ്കിലും ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രാജിനു കീഴിലെ ബോംബെ സര്‍ക്കാര്‍ തയാറാക്കിയ കുറിപ്പില്‍ നേരെ തിരിച്ചു പറയുന്നതായും ലേഖനത്തിലുണ്ട്. ”നിയമം പാലിച്ച് മുന്നോട്ടുപോകുന്നതില്‍ കണിശത സൂക്ഷിച്ച സംഘ് 1942ല്‍ ആഗസ്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളില്‍നിന്ന് വിട്ടുനിന്നിട്ടുണ്ട്”- സര്‍ക്കാര്‍ കുറിപ്പ് പറയുന്നു. സ്വാതന്ത്ര്യ സമരത്തെ ആ പേരിനു പകരം ”പ്രാദേശിക ദേശീയവാദം’ എന്നു വിളിക്കണമെന്നായിരുന്നു ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ ആവശ്യം. ”ബഞ്ച് ഓഫ് തോട്ട്സ്’ എന്ന തന്‍റെ പുസ്തകത്തിലാണ് ഈ പരാമര്‍ശം. സൈനിക പരിശീലനവും യൂണിഫോമും ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ആര്‍.എസ്.എസ് പാലിച്ചിരുന്നതായും ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്‌എസ് പങ്കെടുത്തിട്ടുണ്ടോ?’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ രാം പുനിയാനി പറയുന്നു.
1998ലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലായിരുന്നു താനും സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിരുന്നുവെന്ന് വാജ്പേയി പ്രസ്താവന ഇറക്കിയത്. ജന്മനാടായ ബടേശ്വറില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രകടനം നടന്നപ്പോള്‍ കാഴ്ചക്കാരനായി വാജ്പേയിയും ഉണ്ടായിരുന്നു. സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്ത് നീക്കിയ പൊലീസ് പ്രക്ഷോഭകര്‍ക്കൊപ്പം നീങ്ങിയ വാജ്പേയിയെയും അറസ്റ്റ് ചെയ്തു. ജയിലില്‍നിന്ന് പുറത്തുകടക്കാന്‍ പെട്ടെന്ന് തന്നെ മാപ്പപേക്ഷ നല്‍കിയെന്നു മാത്രമല്ല, സമരക്കാരുടെ ഭാഗമല്ലെന്നും അതില്‍ പ്രത്യേകം പറഞ്ഞു. സമരത്തിന് നേതൃത്വം നല്‍കിയവരുടെ പേരുകള്‍ കൂടി പൊലീസിനെ അറിയിക്കുകയും ചെയ്താണ് രക്ഷപ്പെട്ടതെന്ന് രാം പുനിയാനി പറയുന്നു.
ആര്‍.എസ്.എസ് നേതാക്കളില്‍ വിനായക് ദാമോദര്‍ സവര്‍കറും ഹെഡ്ഗേവാറും സമരത്തിന്‍റെ ഭാഗമായിരുന്നതും ലേഖനം ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍, ആന്തമാന്‍ ജയിലിലായ സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിട്ടില്ല. പകരം, ബ്രിട്ടീഷുകാര്‍ക്കുവേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് സുഭാഷ് ബോസ് ഐ.എന്‍.എക്ക് രൂപം നല്‍കിയ അതേ സമയത്തായിരുന്നു സവര്‍ക്കറുടെ തിരിച്ചുള്ള നീക്കം.
ആര്‍.എസ്.എസുകാര്‍ ബ്രിട്ടീഷുകാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നതായും അവര്‍ക്കെതിരെ ഒന്നും ചെയ്യരുതെന്ന് ആര്‍.എസ്.എസ് ശാഖകള്‍ക്ക് ഗോള്‍വാള്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ലേഖനത്തില്‍ പറയുന്നുണ്ട്.