‘എന്റെ ജീവിതം ഞാൻ ജീവിച്ചു കഴിഞ്ഞു’ ചെറുപ്പക്കാരന് വേണ്ടി തന്റെ കിടക്കയൊഴിഞ്ഞ് കൊടുത്തു- 85കാരന് വീട്ടിൽ മരണം
നാഗ്പൂർ: ചെറുപ്പക്കാരന് വേണ്ടി തന്റെ കിടക്കയൊഴിഞ്ഞ് കൊടുത്ത 85കാരൻ മരിച്ചു. നാരായൺ ദബാൽക്കർ എന്നയാളാണ് സ്വന്തം ജീവൻ നോക്കാതെ യുവാവിന് വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്തത്. നാഗ്പൂരിലാണ് സംഭവം. കൊറോണ പൊസിറ്റീവ് ആയതിനെത്തുടർന്നാണ് 85-കാരനായ നാരായൺ ദബാൽക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർമാരുടെ ഉപദേശം കണക്കിലെടുക്കാതെയാണ് അദ്ദേഹം യുവാവിന് വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചത്. ‘എനിക്ക് 85 വയസായി. എന്റെ ജീവിതം ഞാൻ ജീവിച്ചുകഴിഞ്ഞതാണ്. ഒരു ചെറുപ്പക്കാരന്റെ ജീവിതം രക്ഷിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. അയാളുടെ മക്കൾ ചെറിയ കുട്ടികളാണ്. ദയവായി എന്റെ കിടക്ക അയാൾക്ക് കൊടുക്കൂ’ എന്നാണ് ഇദ്ദേഹം ഡോക്ടർമാരോട് പറഞ്ഞത്. വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്. ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് യാചിക്കുന്ന ഒരു സ്ത്രീയെയും കുട്ടികളെയും കണ്ട് മനസ്സലിഞ്ഞ ദബാൽക്കർ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
കടുത്ത കൊറോണ ലക്ഷണങ്ങളും ഓക്സിജന്റെ അളവും കുറഞ്ഞതിനാൽ ഏപ്രിൽ 22 നാണ് ദബാൽക്കറെ നാഗ്പൂരിലെ ഇന്ദിരാഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം തനിക്ക് ഡിസ്ചാർജ് വേണമെന്ന് അദ്ദേഹം വാശിപിടിച്ചു. 40കാരന് വേണ്ടി കരയുന്ന ഭാര്യയെ കണ്ടതിനാലാണ് അദ്ദേഹം അത്തരത്തിൽ വാശിപിടിച്ചത്. ഒരുപാട് കിണഞ്ഞുപരിശ്രമിച്ചാണ് ആശുപത്രിയിൽ സ്ഥലം ലഭിച്ചത്. എന്നാൽ മണിക്കൂറുകൾക്കു ശേഷം അദ്ദേഹം വീട്ടിലെത്തി. അവസാന നിമിഷങ്ങൾ ഞങ്ങൾക്കൊപ്പം ജീവിക്കാനാണ് അച്ഛൻ ആഗ്രഹിച്ചത്. ആ ചെറുപ്പക്കാരനായ രോഗിയെക്കുറിച്ചും സംസാരിച്ചു’, ദബാൽക്കറിന്റെ മകൾ മാധ്യമങ്ങളോട് പറഞ്ഞു.