keralaKerala NewsLatest NewsUncategorized

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; ഉടൻ രാജിവെപ്പിക്കണമെന്ന് ആവശ്യം

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും, ഉടൻ രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും തന്റെ നിലപാട് അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരാനുള്ള സാധ്യതയുണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുമെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. പാലക്കാട് വലിയ തിരിച്ചടി നേരിടേണ്ടി വരാനിടയുണ്ടെന്നും, അതിന്റെ സ്വാധീനം തദ്ദേശത്തിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. രാഹുൽ രാജിവെച്ചാൽ എതിരാളികൾക്ക് മുൻതൂക്കം ലഭിക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും ഇതേ നിലപാട് ശക്തമാക്കുന്നു. എന്നാൽ, കുറച്ച് കൂടി കാത്തിരിക്കാമെന്ന് മറുപക്ഷം അഭിപ്രായപ്പെടുന്നു.

പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ വസതിയിലാണ് തുടരുന്നത്. രാജിവെക്കില്ലെന്ന നിലപാടിലുറച്ചിരിക്കുകയാണെന്നും, പാർട്ടി ഇതുവരെ ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിവാദങ്ങൾ ശമിക്കുന്നതുവരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിഷേധ സാധ്യത കുറഞ്ഞതിനെ തുടർന്ന്, രാഹുലിന്റെ വീടിന് മുന്നിലെ ബാരിക്കേഡുകൾ പൊലീസ് നീക്കം ചെയ്തു. എന്നാൽ വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരുമെന്ന് അറിയിച്ചു.

Tag: Ramesh Chennithala hardens stance on Rahul Makoottathil controversy; demands his immediate resignation

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button