ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്‌ക്കും, കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് മെട്രോമാന്‍

കൊച്ചി: ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും മുന്‍പ് ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്‌ക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. പുതുക്കി പണിത പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഡിഎംആര്‍സി സംഘത്തിനൊപ്പം പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ജയിക്കുമെന്നും ശ്രീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
“പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാവും. വലിയ സന്തോഷമുണ്ട്. ഞായറാഴ്‌ചക്കുള്ളില്‍ ആര്‍ബിഡിസികെയ്‌ക്ക് പാലം കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാനദിനമാണിത്,” ശ്രീധരന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് ശ്രീധരന്‍ പറഞ്ഞു. “എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാല്‍ കൂടുതല്‍ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല, ടെക്നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവര്‍ത്തനം നടത്തുക. വീടുകള്‍ കയറിയുള്ള പ്രചാരണമായിരിക്കില്ല പകരം ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ സന്ദേശങ്ങളായടക്കം ജനങ്ങളെ സമീപിക്കും. ശരീരത്തിന്റെ പ്രായമല്ല, മനസിന്റെ പ്രായമാണ് പ്രധാനം,” ശ്രീധരന്‍ പറഞ്ഞു.