അന്നം മുടക്കിക്ക് വോട്ട് ഇല്ല; ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധവുമായി ഹരിപ്പാട്ടെ വോട്ടർമാർ: പുതിയ അടവുമായി ചെന്നിത്തലയും സംഘവും

അന്നം മുടക്കിയ ചെന്നിത്തലയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് ഉയരുന്നത്. അന്നം മുടക്കിക്ക് വോട്ട് ഇല്ല എന്നാണ് ഹരിപ്പാട്ടെ വോട്ടർമാരുടെ പക്ഷം. ഇതോടെ പുതിയ അടവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ചെന്നിത്തലയും സംഘവും. വീടുകൾ തോറും പൊറോട്ടയും ബീഫും വിതരണം ചെയ്താണ് നാടകം കൊഴുപ്പിക്കുന്നത്.
തോൽവി ഉറപ്പിച്ച രമേശ് ചെന്നിത്തല മണ്ഡലത്തിൽ എന്ത് വിലകൊടുത്തും ജയിക്കുമെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ഉപയോഗിക്കാവുന്ന പരമാവധി തുകയിലും കൂടുതൽ മണ്ഡലത്തിൽ രമേശ് ചെന്നിത്തല ഉപയോഗിച്ച് എന്ന് യൂത്ത് കോൺഗ്രസ് നേതാവ് പരാതി കൊടുത്ത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്ത് ഒട്ടാകെ ചെന്നിത്തയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉണ്ട് .
മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത് പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചുതന്നെയാണ്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു ചെന്നിത്തല നൽകിയ പരാതി പുറത്തുവന്നിരുന്നു.
അന്നം മുടക്കിയതിന് ജനങ്ങൾ എതിരാകുമെന്ന് വന്നതോടെ അരി വിതരണം തടഞ്ഞത് തങ്ങൾ പരാതിപ്പെട്ടിട്ടല്ലെന്ന് പ്രതിപക്ഷ കേന്ദ്രങ്ങൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ആവശ്യങ്ങളാണ് സ്വന്തം ലെറ്റർപാഡിൽ നൽകിയ കത്തിൽ രമേശ് ചെന്നിത്തല അക്കമിട്ട് ഉന്നയിച്ചത്.
ഒന്നാമത്തെ ആവശ്യം സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടക്കില്ല എന്നുറപ്പാക്കണം എന്നാണ്.
വിഷു സ്‌പെഷ്യലായി നൽകുന്ന ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഏപ്രിൽ ആറുവരെ നിർത്തിവെക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് നിർദേശം നൽകണം എന്നാണ് രണ്ടാമത് ആവശ്യപ്പെടുന്നത്. വിഷു പ്രമാണിച്ച നൽകുന്ന അരിയും മറ്റും തടയണം എന്നാണ് ഇതിനർത്ഥം.