ഇനിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചൊഴിഞ്ഞു കൂടേ- രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്വപ്ന സുരേഷ് ആറുതവണ കണ്ടുവെന്ന മൊഴി പുറത്തുവന്ന സാഹചര്യത്തിൽ പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ കള്ളക്കടത്ത് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയായീതമായി തെളിയിക്കപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
ശിവവശങ്കറിൻറെ സാന്നിധ്യത്തിൽ ആറു തവണ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് എൻഫോഴ്സമെൻറ് ഡയറക്ടറേറ്റിൻറെ കുറ്റപത്രത്തിലൂടെ പറഞ്ഞിട്ടുണ്ട്. ഇ.ഡിയുടെ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേയെന്നും ചെന്നിത്തല ചോദിച്ചു. സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കേരളത്തിലെ മുഴുവൻ ജനങ്ങളെയും നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ പോകുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. ഇനിയെങ്കിലും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചൊഴിഞ്ഞു കൂടേയെന്ന് ചെന്നിത്തല പരിഹസിച്ചു.