റിപ്പബ്ലിക്ദിന പരേഡിന്‍റെ ദൂരപരിധി വെട്ടിച്ചുരുക്കി, ചെങ്കോട്ടയില്ല.

ന്യൂഡൽഹി / രാജ്യത്തിന്‍റെ തന്നെ ചരിത്രത്തിലാദ്യമായി റിപ്പബ്ലിക്ദിന പരേഡിന്‍റെ ദൂരപരിധി വെട്ടിച്ചുരുക്കി. വിജയ് ചൗക്കിൽ നിന്നു തുടങ്ങി ചെങ്കോട്ട വരെ 8.2 കിലോമീറ്റർ ദൂരത്തിൽ നടത്തി വന്നിരുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്ററായി ചുരുക്കി നാഷണൽ സ്റ്റേഡിയത്തിൽ അവസാനിക്കും.
കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായി പരേഡ് വെട്ടിച്ചുരുക്കിയത്. മാർച്ചിൽ പങ്കെടുക്കുന്ന സൈനികരുൾപ്പെടെ മുഴുവൻ പേർക്കും മാസ്ക് നിർബന്ധമാക്കി. ഓരോ സംഘത്തിലും 144 പേർ എന്നത് 96 പേരായി കുറച്ചു. 1.15 ലക്ഷം പേരാണ് പതിവായി പരേഡ് വീക്ഷിക്കാനെത്തുന്നത്. ഇത്തവണ 25,000 പേർക്ക് മാത്രമാണ് അനുമതി. 15 വയസിൽ താഴെയുള്ളവരെ അനുവദിച്ചിട്ടില്ല. സാംസ്കാരിക പരിപാടികളുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. സൈനികരിലടക്കം കൊവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് കർക്കശ നിയന്ത്രണങ്ങൾ സർക്കാർ കൊണ്ട് വന്നിരിക്കുന്നത്. പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് എത്തിയ150 സൈനികർക്ക് കഴിഞ്ഞദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവരെ ഡൽഹി കന്‍റോൺമെന്‍റിൽ ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തുന്നത്.